kasaragod local

വ്യാജ പട്ടയത്തിലൂടെ 750 കോടി രൂപയുടെ ഭൂമി തട്ടിയെടുത്തു

കാസര്‍കോട്: മുളിയാര്‍, ചെങ്കളപാടി, നെക്രാജെ, വില്ലേജുകളിലെ പട്ടയത്തട്ടിപ്പിലൂടെ 750 കോടി രൂപ വില വരുന്ന ഭൂമി തട്ടിയെടുത്തിട്ടുണ്ടന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. രവി ഉള്ള്യേരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കടകംപള്ളി ഭൂമിതട്ടിപ്പുകേസിലെ പ്രതികളിലൊരാളാണ് മുളിയാര്‍ വ്യാജപട്ടയ ഭൂമിതട്ടിപ്പുകേസിലെ ഒന്നാംപ്രതിയായ സജിയെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് തഹസില്‍ദാര്‍, വില്ലേജ് അസിസ്റ്റന്റ് വി കൃഷ്ണന്‍, മുളിയാര്‍ മുന്‍ വില്ലേജ് സ്റ്റാഫുമാരായ സുരേഷ്, ജോ ണ്‍സണ്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മുന്‍ മാനേജര്‍ തോമസ്, ആദൂര്‍ സിഐ ആയിരുന്ന സതീഷ് കുമാര്‍, ആദൂര്‍ എസ്‌ഐ, ബാലനടുക്കത്തെ ബി അബ്ദുല്‍ ഗഫൂര്‍ തുടങ്ങി 10 പേര്‍ക്കെതിരേ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് ലോകായുക്തക്ക് പരാതി നല്‍കിയിട്ടുണ്ട്. എതിര്‍ കക്ഷികള്‍ വ്യാജരേഖയുണ്ടാക്കി പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ മാത്രം ഭൂമിതട്ടിപ്പാക്കിയതിന്റെ 25ലധികം കേസുകള്‍ ഉണ്ടെന്നു പരാതിയില്‍ പറഞ്ഞു.
തട്ടിപ്പിനുവേണ്ടി വില്ലേജ് രജിസ്റ്ററുകളില്‍ തിരുത്തലുകള്‍ വരുത്തുകയും രജിസ്റ്ററുകളിലെ പേരുകള്‍ മാറ്റുകയും ചെയ്തിട്ടുണ്ടെന്നു ലോകായുക്തക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പിനു വ്യാപകമായി വ്യാജപട്ടയങ്ങള്‍ സംഘാംഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
പട്ടയത്തട്ടിപ്പിനു കൃത്രിമ രേഖയുണ്ടാക്കിയ ഒമ്പതാംപ്രതിക്ക് ജാമ്യം ലഭിക്കുന്നതിനു പോലിസ് വഴി വിട്ടു സഹായിച്ചുവെന്നും അതു തട്ടിപ്പു സംഘത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നുണ്ടെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി മാസങ്ങള്‍ക്കു മുമ്പ് ഒമ്പതാം പ്രതിക്ക് ജാമ്യം നിഷേധിച്ചിട്ടും പോലിസ് ഇതുവരെ അയാളെ അറസ്റ്റു ചെയ്തിട്ടില്ല.
കുറ്റവാളികളെ സഹായിക്കാന്‍ പൊതു പ്രവര്‍ത്തകരും ഒരു മുന്‍ മന്ത്രിയും കൂട്ടുനില്‍ക്കുന്നതായും ലോകായുക്തക്കു സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.
കേസന്വേഷിക്കുന്നതിന് ലോകായുക്ത എസ്പി പി ഡി രവി ലോകായുക്ത അന്വേഷണോദ്യോഗസ്ഥനായി നിയോഗിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം മുളിയാര്‍ ലോക്കല്‍ സെക്രട്ടറി പി രവീന്ദ്രന്‍, പി കെ എം മുനീര്‍, സുനൈഫ് മുതലപ്പാറ, അബ്ദുല്‍ അസീസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it