വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ ജോലി; പ്രത്യേകസംഘം അന്വേഷിക്കണം: എസ്‌സി-എസ്ടി കമ്മീഷന്‍

തിരുവനന്തപുരം: വ്യാജ പട്ടികജാതി-വര്‍ഗ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി 1,100ലധികം പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചെന്ന പരാതിയില്‍, പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് പട്ടികജാതി- വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പി എന്‍ വിജയകുമാര്‍ ഡിജിപിയോട് ശുപാര്‍ശചെയ്തു.
കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവിലെ നിര്‍ദേശം. വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍വീസില്‍ തുടരുന്നവര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ എന്നിവരോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആറുമാസത്തിനകം നടപടിക ള്‍ സംബന്ധിച്ച റിപോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കണം. ഭാരതീയ ദലിത് കോണ്‍ഗ്രസ് ഭാരവാഹി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.
വ്യാജ ജാതിസര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് പരിശോധന നടത്താന്‍ റെഗുലേഷന്‍സ് ഓഫ് ഇഷ്യൂ ഓഫ് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ആക്റ്റ് പ്രകാരം സര്‍ക്കാര്‍ സ്‌ക്രൂട്ടിനി കമ്മിറ്റിക്കും രൂപംനല്‍കി. പരിശോധനയില്‍ ബോധ്യപ്പെടുന്നപക്ഷം വ്യാജ ജാതിരേഖകള്‍ കാട്ടി സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ ജാതിസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും വിരമിച്ചവരുടെ പെന്‍ഷന്‍ തടയാനും സ്‌ക്രൂട്ടിനി കമ്മിറ്റിക്ക് അധികാരമുണ്ട്.
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി ജോലി സമ്പാദിച്ചെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍, കിര്‍ത്താഡ്‌സ് ഡയറക്ടര്‍ എന്നിവരില്‍ നിന്നു നേരത്തെ കമ്മീഷന്‍ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു.
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി ജോലി സമ്പാദിച്ച 360 പേരുടെ കേസുകള്‍ മുന്നിലെത്തിയിട്ടുണ്ടെന്നും വിശദപരിശോധനയില്‍ ഇതില്‍ 220 കേസുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് കിര്‍ത്താഡ്‌സ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതുസംബന്ധിച്ച രേഖകളും റിപോര്‍ട്ടുകളും ഡിജിപിക്ക് കൈമാറാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it