Flash News

വ്യാജ ഏറ്റുമുട്ടല്‍ വെളിപ്പെടുത്തിയ ഐജിക്ക് സ്ഥലംമാറ്റം

ന്യൂഡല്‍ഹി: അസമിലെ വ്യാജ ഏറ്റുമുട്ടല്‍ പുറത്തുകൊണ്ടുവന്ന സിആര്‍പിഎഫ് ഐജിക്ക് സ്ഥലംമാറ്റം. ഏറ്റുമുട്ടല്‍ നാടകമായിരുന്നുവെന്നു വ്യക്തമാക്കി സൈനിക മേധാവിക്കു കത്തെഴുതിയ സിആര്‍പിഎഫിലെ ഐജി രജനീഷ് റായിയെയാണ് വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് സിആര്‍പിഎഫിനു കീഴിലുള്ള ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ആന്റ് ആന്റിടെററിസം (സിയാറ്റ്) സ്‌കൂളിലേക്ക് സ്ഥലംമാറ്റിയത്. നിലവില്‍ ഡെപ്യൂട്ടേഷനിലുള്ള ഗുവാഹതി ഡിഐജി പ്രകാശ് ഐപിഎസിനോട് തിങ്കളാഴ്ച അസം തലസ്ഥാനത്ത് എത്താന്‍ സിആര്‍പിഎഫ് ആസ്ഥാനത്തുനിന്ന് അറിയിപ്പുണ്ടായിരുന്നു. സൗഹൃദ കൂടിക്കാഴ്ച എന്ന നിലയ്ക്കുള്ള പരിപാടി എന്നായിരുന്നു അറിയിപ്പില്‍ ഉണ്ടായിരുന്നത്. പ്രകാശിനു വേണ്ടി വാഹനവും താമസസൗകര്യങ്ങളും ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. പ്രകാശ് ഗുവാഹത്തിയില്‍ എത്തിയതിനു പിന്നാലെത്തന്നെ രജനീഷ് റായിക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചു. ബോഡോ കലാപകാരികളായ ലുകാസ് നര്‍സാരി എന്ന എന്‍ ലാങ്ഫ, ഡേവിഡ് അയലറി എന്ന ദായൂദ് എന്നിവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സൈന്യത്തിന്റെയും പോലിസിന്റെയും നടപടികളെക്കുറിച്ച് സ്വന്തം നിലയ്ക്ക് 13 പേജ് വരുന്ന റിപോര്‍ട്ട് തയ്യാറാക്കിയാണ് രജനീഷ് റായി സൈനിക മേധാവിക്ക് അയച്ചത്. സൈനിക മേധാവിയെ കൂടാതെ സിആര്‍പിഎഫ്, സശസ്ത്ര സീമാബല്‍, അസം പോലിസ്, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവര്‍ക്കും രജനീഷ് കത്തയച്ചിരുന്നു. മേഖലയിലെ ഒരു വീട്ടില്‍ നിന്നു പിടികൂടിയ ഇവരെ സിംലാഗുരിയില്‍ വച്ച് പോലിസ് തന്നെ കൊലപ്പെടുത്തിയ ശേഷം അത് ഏറ്റുമുട്ടലായി അവതരിപ്പിക്കുകയായിരുന്നുവെന്നും രണ്ടു പേരെയും വെടിവച്ചുകൊന്ന ശേഷം മൃതദേഹത്തില്‍ ചൈനീസ് നിര്‍മിത തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സൈന്യം വച്ചതായും കത്തില്‍ സൂചിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it