വ്യാജ ഏറ്റുമുട്ടല്‍ കൊല: വിവരങ്ങള്‍ പുറത്തുവരുന്നത് സര്‍ക്കാര്‍ ഭയക്കുന്നു

കൊച്ചി: നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലയെ സംബന്ധിച്ച് നീതിന്യായ കോടതിയുടെ പരിശോധനയെ പിണറായി സര്‍ക്കാര്‍ ഭയപ്പെടുകയാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സമിതി. തുടക്കം മുതല്‍ തന്നെ വ്യാജ ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുസമൂഹത്തിനു മുമ്പില്‍ നിന്നും മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനുവേണ്ടി മൃതദേഹങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ പോലും സര്‍ക്കാര്‍ ശ്രമിച്ചു. മൃതദേഹം ബന്ധുമിത്രാദികള്‍ക്കു കൈമാറുന്നതിനു പോലും വിമുഖത കാണിച്ച സര്‍ക്കാര്‍, മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യം നിഷേധിക്കുകയും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരടങ്ങിയ വസ്തുതാന്വേഷണ സംഘത്തെ തടയുന്നതിന് കൂട്ടുനില്‍ക്കുകയുമാണ് ചെയ്തത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ മാത്രമാണ് പേരിന് ഒരു മജിസ്റ്റീരിയല്‍ എന്‍ക്വയറി നടത്താന്‍ മലപ്പുറം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ജില്ലാ കലക്ടര്‍ അന്വേഷണ റിപോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനു പകരം സംസ്ഥാന ആഭ്യന്തരവകുപ്പിനാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് സി പി റഷീദ്, സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it