palakkad local

വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കുന്നു

പാലക്കാട്: അക്ഷയ കേന്ദ്രങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയിലെ പ്രശസ്തിയും ജനസമ്മതിയും സ്വീകാര്യതയും ചൂഷണം ചെയ്ത് ജില്ലയില്‍ പലസ്ഥലത്തും വ്യാജ അക്ഷയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.  അക്ഷയ ഇ-കേന്ദ്രം, അക്ഷയ പൊതുജനസേവനകേന്ദ്രം തുടങ്ങിയ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
ഈ പേരുകള്‍ക്ക് സമാനമായ പേരുകള്‍ ഉപയോഗിച്ചും അക്ഷയയുടെ ബോര്‍ഡ്, ലോഗോ എന്നിവയ്ക്ക് സമാനമായവ പ്രദര്‍ശിപ്പിച്ചുമാണ് സ്ഥാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ സമാനമായ സേവനങ്ങള്‍ ഓപണ്‍ പോര്‍ട്ടല്‍ വഴി ചെയ്ത് പൊതുജനങ്ങളില്‍ നിന്നും കനത്ത ഫീസ് ഈടാക്കിയാണ് ചൂഷണം ചെയ്യുന്നത്. കൂടാതെ ജനങ്ങള്‍ സമര്‍പ്പിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
സ്വകാര്യ വ്യക്തികളും ചില സ്ഥാപനങ്ങളും അക്ഷയ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക്് ലഭ്യമാക്കുന്ന സേവനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും പൊതുജനങ്ങള്‍ പലതരത്തില്‍ വഞ്ചിക്കപ്പെടുന്നതായും  ജില്ലാ കലക്ടര്‍ക്ക് ഇന്റലിജന്‍സ് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. യഥാര്‍ഥ അക്ഷയ സെന്ററുകളില്‍ അക്ഷയയുടെ ലോഗോയുള്ള ബോര്‍ഡും പ്രത്യേക കോഡും നിശ്ചിത മാതൃകയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ സേവനങ്ങള്‍ക്കായി സമീപിക്കുന്നത് യഥാര്‍ഥ അക്ഷയ കേന്ദ്രങ്ങളെയാണെന്ന് സ്വയം ഉറപ്പുവരുത്തണം.  പെരുവെമ്പ് ഗ്രാമപഞ്ചായത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ അക്ഷയയുടെ ലോഗോ/ബ്രാന്‍ഡ് നെയിം പ്രദര്‍ശിപ്പിച്ചത് പഞ്ചായത്ത് അധികൃതരുടെ സമയോചിതമായ ഇടപെടലിലൂടെ നീക്കം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it