വ്യാജവാര്‍ത്തകളുടെ പരീക്ഷണശാല

കഠ്‌വ: ഹിന്ദുത്വ നുണപ്രചാരണം- 2 പി എ എം ഹാരിസ്
കള്ളം 5: പുതിയ ഒരു കേസ് ഉണ്ടാക്കുന്നതിന് പോലിസ് ഓഫിസര്‍ ഇര്‍ഫാന്‍ വാനിയെ മുഫ്തി അയച്ചു. പോലിസ് കസ്റ്റഡിയില്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും അവളുടെ സഹോദരനെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിതനായ ഓഫിസറാണ് വാനി.
ആരോപണത്തിലെ ആദ്യ ഭാഗം തെറ്റാണ്. അന്വേഷണം നിര്‍വഹിക്കുന്നതിനു നിയുക്തമായ ക്രൈംബ്രാഞ്ച് സംഘത്തിലെ അംഗങ്ങളെ തിരഞ്ഞെടുത്തത് മുഫ്തിയല്ല. കശ്മീരി പണ്ഡിറ്റായ ക്രൈംബ്രാഞ്ച് എസ്എസ്പി രമേശ് കുമാര്‍ ജല്ലയാണ് തന്റെ സംഘാംഗങ്ങളെ തിരഞ്ഞെടുത്തത്.
ഇര്‍ഫാന്‍ വാനിയെക്കുറിച്ചും അദ്ദേഹത്തിനെതിരായ വിവിധ കേസുകളെക്കുറിച്ചും ജല്ലയോട് ആരാഞ്ഞപ്പോള്‍ തനിക്ക് ലഭിച്ച പ്രതികരണം ദി ക്വിന്റ് ലേഖിക രേഖപ്പെടുത്തുന്നത് ഇങ്ങനെ: ഇന്‍സ്‌പെക്ടര്‍ ഇര്‍ഫാന്‍ വാനിക്കെതിരായ ഈ ആരോപണങ്ങളെക്കുറിച്ച് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. മാധ്യമങ്ങളില്‍ വന്നപ്പോഴാണ് അത് ശ്രദ്ധയില്‍പ്പെട്ടത്. ഒരു യുവതിയെ  ബലാല്‍സംഗം ചെയ്തുവെന്നും ഒരു യുവാവിനെ കൊലപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ പേരില്‍ കേസുണ്ടായിരുന്നു. എന്നാല്‍, രണ്ടു കേസുകളിലും 2014ല്‍ അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. രാജ്യത്തെ നീതിന്യായ സംവിധാനം ഒരു പ്രതിയെ കുറ്റവിമുക്തനാക്കിയാല്‍ പിന്നീട് അദ്ദേഹത്തെ എന്റെ സംഘാംഗമാക്കരുതെന്ന് പറയുന്നത് ശരിയല്ല. നല്ല രീതിയില്‍ കുറ്റപത്രം തയ്യാറാക്കുന്നതിനു മികച്ച സംഘമാണ് എനിക്കു കീഴില്‍ പ്രവര്‍ത്തിച്ചത്.
കള്ളം 6:  ഇര്‍ഫാന്‍ വാനി സംഘത്തില്‍ ഉള്‍പ്പെട്ടതിനു ശേഷം യാതൊരു ഫോറന്‍സിക് തെളിവും കൂടാതെ ബലാല്‍സംഗവും കൂടി ഉള്‍പ്പെടുത്തി പുതിയ റിപോര്‍ട്ട് തയ്യാറാക്കി. അന്വേഷണത്തിന്റെ പേരില്‍ പ്രദേശവാസികളെ പീഡിപ്പിച്ചു.
തെറ്റ്. ആരോപണത്തില്‍ പരാമര്‍ശിച്ചതുപോലെ ബലാല്‍സംഗം എന്നത് നിലവിലുള്ള കുറ്റകൃത്യത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത ഒന്നായിരുന്നില്ല. അതെന്നും അന്വേഷണത്തിന്റെ ഭാഗമായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ അതേ ദിവസം നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്് ആസ്പദമാക്കിയാണ് ഈ കുറ്റം ഉള്‍പ്പെടുത്തിയത്.
കള്ളം 7:  യഥാര്‍ഥ പ്രതികളെ രക്ഷിക്കുന്നതിനു ജമ്മു പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരപരാധികളെ ചേര്‍ത്ത് കുറ്റം ചുമത്തി.  കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇനി അത് കോടതി വിചാരണയ്‌ക്കെടുക്കുമ്പോള്‍ ആരാണ് യഥാര്‍ഥ കുറ്റവാളികളെന്ന് ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കും. കുറ്റം ചുമത്തുന്നതിന്റെ പ്രസക്തിയെക്കുറിച്ച് അപ്പോള്‍ തീരുമാനമെടുക്കാനാവും.
കുറ്റപത്രം തയ്യാറാക്കുന്നതില്‍ ക്രൈംബ്രാഞ്ചിനു തെറ്റു പറ്റിയോ ഇല്ലേ എന്നു കോടതിയില്‍ മാത്രമേ വിശകലനം ചെയ്തു സംവാദം നടത്താനാവൂ. 'ജമ്മു പോലിസില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം നിരപരാധികളുടെ പേരില്‍ കുറ്റം ചുമത്തി'യെന്നു നിര്‍ലജ്ജം പ്രഖ്യാപിക്കുന്നതിന് ആശ്രയിക്കാവുന്ന ഉറവിടങ്ങളോ ആവശ്യമായ വിവരശേഖരണ സംവിധാനങ്ങളോ ഇല്ലാത്ത ഫേസ്ബുക്ക് പേജില്‍ അതിനു സാധ്യമാവില്ല.                   ി

(അവസാനിച്ചു)
Next Story

RELATED STORIES

Share it