Kottayam Local

വ്യാജരേഖ ചമച്ച് തുക തട്ടിയെടുത്ത സംഭവം : കടുത്തുരുത്തി ബ്ലോക്കിലെ എല്‍ഡി ക്ലാര്‍ക്കിനു 13 വര്‍ഷം തടവും ഒരു ലക്ഷം പിഴയും



കോട്ടയം: വ്യാജ രേഖചമച്ച് റോഡ് നിര്‍മാണത്തിനുള്ള തുക തട്ടിയെടുത്ത സംഭവത്തില്‍ എല്‍ഡി ക്ലാര്‍ക്കിനു 13 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. ഇതില്‍ ഒരു വര്‍ഷം കഠിന തടവാണ്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ എല്‍ഡി ക്ലാര്‍ക്ക് അഭിലാഷ് സുകുമാരനെ(43)യാണ് വിജിലന്‍സ് എന്‍ക്വയറി കമ്മീഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് വി ദിലീപ് ശിക്ഷിച്ചത്. നാലു വകുപ്പുകളിലായി മൂന്നു വര്‍ഷം വീതം തടവും, 25000 രൂപ പിഴയും, വ്യാജ രേഖചമച്ചതിനു ഒരു വര്‍ഷം കഠിന തടവും ആണ് ശിക്ഷിച്ചിരിക്കുന്നത്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ ഒരു വര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതിയാവും. കേസിലെ മറ്റൊരു പ്രതിയായ ബിഡിഒ സുരേഷ്‌കുമാര്‍ മരിച്ചതിനെ തുടര്‍ന്നു ഇയാള്‍ക്കെതിരേയുള്ള വിചാരണ നടപടികള്‍ തുടര്‍ന്നില്ല. 2006 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. നബാര്‍ഡ് സ്‌കീമില്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മങ്ങാട്ട്കടവ്-കാവുംപുലി-കോട്ടുമ്മേല്‍ റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. റോഡ് നിര്‍മാണത്തിലായി 11.90 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇതില്‍ രണ്ടു ലക്ഷം രൂപ കരാറുകാരനു നല്‍കിയ ശേഷം ഇരുവരും ചേര്‍ന്ന് ട്രഷറിയില്‍ അടയ്ക്കാനെന്ന പേരില്‍ 9.90 ലക്ഷം രൂപ സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് പിന്‍വലിച്ചു. തുടര്‍ന്നു ഒരു ലക്ഷം രൂപ ട്രഷറിയില്‍ അടച്ച ശേഷം വ്യാജ രേഖചമച്ച് ബാക്കി തുക തട്ടിയെടുക്കുകയായിരുന്നെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. വകുപ്പു തല പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നു കേസ് വിജിലന്‍സിനു കൈമാറി. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കുറ്റക്കാരെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു ഇരുവര്‍ക്കുമെതിരേ കുറ്റപത്രം സമര്‍പിച്ചു വിചാരണ പൂര്‍ത്തിയാക്കി. കേസിലെ രണ്ടാം പ്രതിയായ അഭിലാഷിനു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനു മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും, സാമ്പത്തിക ക്രമക്കേടു നടത്തിയതിനു മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും, കണക്കില്‍ ക്രിത്രിമം കാട്ടിയതിനു മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും, സര്‍ക്കാര്‍ ജീവനക്കാരന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനു മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷിച്ചിരിക്കുന്നത്. വ്യാജ രേഖ ചമച്ചതിനു ഒരു വര്‍ഷം കഠിന തടവും അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ രാജ്‌മോഹന്‍ ആര്‍പിള്ള കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it