thiruvananthapuram local

വ്യാജരേഖകള്‍ ഹാജരാക്കി ബാങ്കില്‍ നിന്നു വായ്പാ തട്ടിപ്പ്‌

വെഞ്ഞാറമൂട്: വ്യാജ രേഖകള്‍ ഹാജരാക്കി ബാങ്കില്‍ നിന്നു വായ്പാ തട്ടിപ്പ്. അഞ്ചു ലക്ഷം രൂപ വായ്പയെടുത്തയാ ള്‍ക്കും കൂട്ടാളികള്‍ക്കുമെതിരേ പോലിസില്‍ പരാതി നല്‍കി. വായ്പാക്കാരനും ജാമ്യക്കാരും ബാങ്കില്‍ ഹാജരാക്കിയ രേഖകളെല്ലാം വ്യാജം. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് തിരിച്ചറിയലിനായി ബാങ്കിന് നല്‍കിയത്. എന്നാല്‍ ഇവയെല്ലാം കൃത്രിമമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തി.
സന്തോഷ്‌കുമാര്‍, പ്രിയാഭവന്‍, മാണിക്കമംഗലം എന്ന വിലാസത്തില്‍ താമസക്കാരനെന്ന പേരില്‍ ജില്ലാ സഹകരണ ബാങ്കിന്റെ വെഞ്ഞാറമൂട് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയ ആളാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നു സംശയിക്കുന്നു. കേരള ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡവലപ്‌മെന്റ് ബോര്‍ഡ് ജീവനക്കാരനെന്ന് അവകാശപ്പെട്ട ഇയാള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അഞ്ചുലക്ഷം രൂപയുടെ വായ്പക്കായി ബാങ്കില്‍ അപേക്ഷ നല്‍കി.
അപേക്ഷയില്‍ അനുകൂല നിലപാട് ബാങ്ക് അധികൃതര്‍ സ്വീകരിക്കുകയും മതിയായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം സാലറി സര്‍ട്ടിഫിക്കറ്റിന്റെയും ജാമ്യക്കാരായി നില്‍ക്കുന്ന സഹപ്രവര്‍ത്തകരായ മറ്റ് രണ്ടുപേരുടെയും സമ്മത പത്രം ഹാജരാക്കുകയും ചെയ്തു.
പിന്നീട് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് വായ്പക്കാരന്‍ ജാമ്യക്കാരായ രണ്ടു പേരെ ബാങ്കില്‍ ഹാജരാക്കുകയും ചെയ്തു.
തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഇവരുടെയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം രേഖകളില്‍ ഒപ്പിട്ടു വാങ്ങിയ ശേഷം മടക്കി അയയ്ക്കുകയും ചെയ്തു. തുടര്‍ നടപടിയെന്ന നിലയില്‍ വായ്പാ ആവശ്യക്കാരനും ജാമ്യക്കാരും ഹാജരാക്കിയ സാലറി സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിലേക്കായി ബാങ്ക് അധികൃതര്‍ ഇവര്‍ ജോലി ചെയ്യുന്നു എന്ന് അവകാശപ്പെട്ട സ്ഥാപനത്തിലേക്ക് ലറ്റര്‍ അയച്ചു. എന്നാല്‍ പോസ്റ്റുമാനെ സ്വാധീനിച്ച് പ്രതികള്‍ ലറ്റര്‍ കൈപ്പറ്റുകയും ലറ്ററില്‍ പറഞ്ഞിരിക്കുന്നതും പ്രതികള്‍ സമര്‍പ്പിച്ചതുമായ രേഖകള്‍ ശരിയാണെന്ന് കാണിച്ച് ബാങ്കിന് മറുപടി അയയ്ക്കുകയും ചെയ്തു. നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി ബാങ്ക് അധികൃതര്‍ വായ്പ അനുവദിക്കുകയും ചെയ്തു. എന്നാല്‍ വായ്പാ ഗഡു രണ്ട് പ്രാവശ്യം മാത്രം അടയ്ക്കുകയും പിന്നീട് മുടങ്ങുകയും ചെയ്തതോടെ വായ്പക്കാരന്‍ ബാങ്കിന് നല്‍കിയ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ നമ്പര്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് അക്കൗണ്ട് തുടങ്ങുന്നതിന് നല്‍കിയ അഡ്രസില്‍ അന്വേഷിച്ചു. ഇങ്ങനൊരാള്‍ ഇവിടെ താമസിച്ചിട്ടില്ലെന്ന് അറിയിക്കുക കൂടി ചെയ്തതോടെ സംശയം ബലപ്പെട്ട ബാങ്ക് അധികൃതര്‍ തിരിച്ചറിയലിനായി ഹാജരാക്കിയ രേഖകള്‍ പരിശോധന നടത്തുകയും രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് വെഞ്ഞാറമൂട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it