kannur local

വ്യാജമൊഴി നല്‍കാന്‍ എസ്‌ഐയുടെ ഭീഷണി: ഡോക്ടറില്‍ നിന്ന് ഇന്നു മൊഴിയെടുക്കും

കണ്ണൂര്‍: ഹര്‍ത്താല്‍ദിനത്തില്‍ പിടികൂടിയ യുവാക്കള്‍ക്കെതിരേ വ്യാജ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടര്‍ കെ പ്രതിഭയില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. ഡിജിപി ലോക്‌നാഥ് ബെഹ്്‌റയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ഇന്ന് തിരുവന്തപുരത്ത് വച്ച് മൊഴിയെടുക്കുക. മൊഴി നല്‍കാനായി വനിതാ ഡോക്ടര്‍ ഇന്നലെ തന്നെ തിരുവനന്തപുരത്തേക്കു തിരിച്ചു. ഡിജിപിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് ആസ്ഥാനത്തു നിന്നു പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
സംസ്ഥാനത്ത് പോലിസുകാര്‍ക്കെതിരേ വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു നേരിട്ടു മൊഴിയെടുക്കുന്നത്. ഇതിനിടെ ടൗണ്‍ എസ്‌ഐക്കിരേ ഡോ. പ്രതിഭ വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്നും ഇതിനു വഴങ്ങാത തന്നെ ചവിട്ടിക്കീറിക്കളയുമെന്നും ഭീഷണിപ്പെടുത്തിയതായാണു പരാതിയില്‍ പറയുന്നത്. മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ഒരു മാസത്തിനകം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ പോലിസ് സൂപ്രണ്ടിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടിരുന്നു.
ഇക്കഴിഞ്ഞ 16ന് കഠ്്‌വ കൂട്ടബലാല്‍സംഗ കൊലയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലില്‍ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് ജില്ലാ ആസ്പത്രിയില്‍ മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് എസ്‌ഐ ഡോക്ടറെ ഭീഷണിപ്പെടുത്തിയത്. പിടികൂടിയ യുവാക്കള്‍ പോലിസ് മര്‍ദിച്ചെന്നു മൊഴി നല്‍കിയപ്പോള്‍ അവര്‍ പറയുന്നത് രേഖപ്പെടുത്തരുതെന്നും പോലിസ് പറയുന്ന വിധത്തില്‍ വ്യാജമൊഴിയുണ്ടാക്കണമെന്നും പറഞ്ഞ എസ്‌ഐ ശ്രീജിത്ത് കോടേരി അല്ലെങ്കില്‍ ചവിട്ടിക്കീറിക്കളയും എന്നു ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്്ടറുടെ പരാതി.
Next Story

RELATED STORIES

Share it