വ്യാജമൊഴി നല്‍കാന്‍ എസ്‌ഐയുടെ ഭീഷണി: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ പിടികൂടിയ യുവാക്കള്‍ക്കെതിരേ വ്യാജമൊഴി നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ കെ പ്രതിഭയെ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. സംഭവത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും വിശദമായ അന്വേഷണ റിപോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നും ജില്ലാ പോലിസ് സൂപ്രണ്ടിനോട് ആക്്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു. ഇക്കഴിഞ്ഞ 16ന് പോലിസ് പിടികൂടിയവരെ ദേഹപരിശോധന നടത്തിയ മെഡിക്കല്‍ രേഖകള്‍ തിരുത്തിനല്‍കാത്തതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജിത്ത് കോടേരി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറെ ഭീഷണിപ്പെടുത്തിയത്.
സംഭവത്തില്‍ ഡോ. കെ പ്രതിഭ കണ്ണൂര്‍ റേഞ്ച് ഐജി, കണ്ണൂര്‍ എസ്പി എന്നിവര്‍ക്കു പുറമെ സംസ്ഥാന പോലിസ് മേധാവിക്കും പരാതിനല്‍കി. ഇതേത്തുടര്‍ന്ന് അന്വേഷണത്തിന് ഡിജിപി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുമെന്നും വകവരുത്തുമെന്നും ചില പോലിസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ഡിജിപിയെ ഡോക്ടര്‍ സമീപിച്ചത്. ഇതിനിടെ ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും മാപ്പ് പറയാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടില്‍ ഡോക്ടര്‍ ഉറച്ചു നില്‍കുകയായിരുന്നു. തനിക്ക് നീതിയും സംരക്ഷണവും നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയിലെ ആവശ്യം. ഹര്‍ത്താല്‍ ദിവസം പോലിസ് പിടികൂടിയ യുവാക്കളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍, പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റവരില്‍ നിന്നു മൊഴിയെടുക്കുമ്പോഴായിരുന്നു ഭീഷണിപ്പെടുത്തിയത്. അവരുടെ മൊഴിയെടുക്കേണ്ടെന്നും പോലിസ് പറയുന്നത് എഴുതണമെന്നുമായിരുന്നു ഭീഷണി. അല്ലെങ്കില്‍ ചവിട്ടിക്കീറിക്കളയുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it