Idukki local

വ്യാജമദ്യ-മയക്കുമരുന്നു ലോബികള്‍ സജീവമായതായി ഇന്റലിജന്‍സ്

തൊടുപുഴ: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാജമദ്യ -മയക്കുമരുന്നു ലോബികള്‍ സജീവമായതായി എക്‌സൈസ് ഇന്റലിജന്‍സ് റിപോര്‍ട്ട്.
മുന്നറിയിപ്പിനെ തുടര്‍ന്ന് എക്‌സൈസ് പരിശോധനകളും പട്രോളിങും നിരീക്ഷണവും കര്‍ക്കശമാക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.ലഹരി വസ്തുക്കളുടെ കടത്ത്, ഉത്പാദനം, ഉപഭോഗം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കാന്‍ ഈ കാലയളവില്‍ എല്ലാ റേഞ്ച് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പട്രോള്‍ യൂനിറ്റുകളും ഏതുസമയത്തും പരാതികളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനായി പ്രവര്‍ത്തന സജ്ജമാക്കി.
ബാറുകള്‍ പൂട്ടിയതോടെ ഇടുക്കിയില്‍ വ്യാജമദ്യ ലോബിയുടെയും മയക്കുമരുന്നു മാഫിയകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാണ്.തിരഞ്ഞെടുപ്പടുത്തതോടെ ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ കടത്തും ശേഖരവും ഉപഭോഗവും തടയുന്നതിനായി ജനപ്രതിനിധികള്‍ പൊതുജനങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍, റസിഡന്റ്‌സ് അസോസിയേഷന്‍, വനിതാ സംഘടനകള്‍, ഇതര വകുപ്പുകള്‍ എന്നിവരുടെ സഹകരണം അധികൃതര്‍ പ്രതീക്ഷിക്കുന്നു.
അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഇത്തരം കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലുള്ള പരാതി സെല്ലിലെ ടോള്‍ ഫ്രീ നമ്പരായ 1800 425 5304 എന്ന നമ്പറില്‍ വിളിച്ചറിയിക്കാവുന്നതാണെന്നും ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. തോട്ടം- കാര്‍ഷിക മേഖല കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തിലും വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പെട്ടിക്കടകള്‍, ഹോട്ടലുകള്‍ തുടങ്ങി വീടുകള്‍ വരെ വ്യാജമദ്യ വില്‍പ്പനശാലകളായി മാറിക്കഴിഞ്ഞു.
ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ തോട്ടം- കാര്‍ഷിക മേഖലകളിലായി മുന്നൂറിലേറെ വ്യാജമദ്യ വില്‍പ്പന കേന്ദ്രങ്ങളുണ്ടെന്നാണ് വിവരം. മാങ്കുളം, വട്ടവട, കൊന്നത്തടി, ബൈസണ്‍വാലി, കാന്തല്ലൂര്‍, മറയൂര്‍, അടിമാലി പഞ്ചായത്തുകളില്‍ ആദിവാസി കേന്ദ്രങ്ങളും വനങ്ങള്‍ കേന്ദ്രീകരിച്ചും മാഫിയകള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടെ മദ്യ വില്‍പനക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കും. ഇത് മുന്നില്‍ക്കണ്ടാണ് എക്‌സൈസ് അധികൃതരുടെ നടപടികള്‍.
Next Story

RELATED STORIES

Share it