വ്യാജമദ്യ ദുരന്തത്തിനു സാധ്യത: സംസ്ഥാനത്ത് റെഡ് അലര്‍ട്ട്; ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യാജമദ്യ ദുരന്തത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍ എക്‌സ് അനിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
എക്‌സൈസ്- പോലിസ് വകുപ്പുകളെ ഏകോപിപ്പിച്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കാ ന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുകയും സംസ്ഥാനത്തുടനീളം ജാഗ്രത പാലിക്കുകയും വേണം. വനം, റവന്യൂ, എക്‌സൈസ്, പോലിസ് വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കും നിര്‍ദേശമുണ്ട്. ബാറുടമകള്‍ തന്നെ മദ്യദുരന്തം സൃഷ്ടിച്ചേക്കാമെന്ന റിപോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് ഇന്റലിജന്‍സ് ഡിജിപി എ ഹേമചന്ദ്രന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്.
ബാറുകള്‍ പൂട്ടിയ നടപടി തെറ്റാണെന്നു സ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വ്യാജമദ്യ ദുരന്തമുണ്ടാക്കാന്‍ ശ്രമമുണ്ടാവുമെന്നാണ് റിപോര്‍ട്ട്. ദുരന്തമുണ്ടാക്കി സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നയം തെറ്റാണെന്നു സ്ഥാപിക്കുകയാവും ഒരുവിഭാഗം മദ്യവ്യവസായികള്‍ ലക്ഷ്യമിടുന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മദ്യദുരന്തം സൃഷ്ടിക്കാന്‍ മദ്യലോബി നീക്കം തുടങ്ങിയെന്ന് യുഡിഎഫ് നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി കെ ബാബുവും എക്‌സൈസ് സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്തുനല്‍കി. ഈ കത്ത് മന്ത്രി പിന്നീട് ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. മദ്യനയം ബാറുടമകള്‍ക്ക് കനത്ത നഷ്ടം വരുത്തിയ സാഹചര്യത്തില്‍ ഈനയം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാവുമെന്ന സൂചനകളും കത്തിലുണ്ടായിരുന്നു.
പത്തനംതിട്ടയിലെ റാന്നി, അടൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം പോലിസ് നടത്തിയ പരിശോധനയില്‍ വ്യാജമദ്യം പിടിച്ചെടുത്ത സാഹചര്യത്തില്‍ എക്‌സൈസും പോലിസും പരിശോധന കര്‍ശനമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തകാലത്തായി 14,000 ലിറ്റര്‍ അനധികൃത മദ്യവും 30,000 ലിറ്റര്‍ വാഷും പോലിസും എക്‌സൈസും പിടിച്ചെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it