kozhikode local

വ്യാജമദ്യം തടയല്‍: സുരക്ഷ ശക്തമാക്കി എക്‌സൈസ് വിഭാഗം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മലയോരമേഖലയിലും ആദിവാസി കേന്ദ്രങ്ങളിലും വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാന്‍ എന്‍ഫോഴ്‌സ് പ്രവര്‍ത്തനം ശക്തമാക്കി. രാത്രികാല പട്രോളിങും അന്തര്‍സംസ്ഥാന വാഹനങ്ങളിലെ പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ്. കള്ളുഷാപ്പുകളും കള്ളിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
മലയോര മേഖലയും ആദിവാസി മേഖലയും കേന്ദ്രീകരിച്ചാണ് കുന്ദമംഗലം റേഞ്ച് എന്‍ഫോഴ്‌സ് പ്രവര്‍ത്തനം നടന്നുവരുന്നത്. ആദിവാസി മേഖലകളായ ആനക്കാംപൊയില്‍, മുത്തപ്പന്‍പ്പുഴ, പൊന്നക്കയം, മൈസൂര്‍മല, പാറത്തോട് എന്നിവിടങ്ങളും മലയോര മേഖലകളായ തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ എന്നിവിടങ്ങളും നിരീക്ഷണത്തിലാണ്. ഇവിടങ്ങളില്‍ നിന്ന് 450 ലിറ്റര്‍ വാഷും മുപ്പത്തി ആറര ലിറ്റര്‍ ചാരായവും പതിനേഴര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും പിടികൂടി. ഇതുവരെ പത്തുപേരെ അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയടക്കം മൂന്നുപേര്‍ റിമാന്‍ഡിലാണ്. കുന്ദമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ ഗിരീഷിന്റെ നേതൃത്വത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ സി പി ഹമീദ്, എം ടി അബ്ദുല്‍ ജബ്ബാര്‍, പ്രിവന്റീവ് ഓഫിസര്‍ സി കെ ഹരീഷ് എന്നിവരാണ് പരിശോധനകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Next Story

RELATED STORIES

Share it