Pathanamthitta local

വ്യാജപ്രചാരണത്തിനെതിരേ നിയമനടപടിയെന്ന് ഡിഎംഒ

പത്തനംതിട്ട: ജില്ലയില്‍ ഒരു ഭാഗത്തുനിന്നും ഇതുവരെ നിപാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ എല്‍ ഷീജ അറിയിച്ചു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തി ജനങ്ങളില്‍ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന് ഡിഎംഒ അറിയിച്ചു.
ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അയല്‍ക്കൂട്ടങ്ങളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും ക്ലബുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണം ഉണ്ടാകണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു. അടൂരില്‍ നിന്നും ചികില്‍സ തേടിയ 56കാരന് നിപാ ബാധയുണ്ടെന്ന വ്യാജപ്രചാരണമാണ് രണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കഴിഞ്ഞ 21 വര്‍ഷമായി പ്രമേഹരോഗിയായ ഇയാള്‍ വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. കഴിഞ്ഞമായം രണ്ടുതവണ ഇയാള്‍ കോഴിക്കോട് പൂക്കാടുള്ള ബന്ധുവീട്ടില്‍ പോയിരുന്നു. നിപാ വൈറസ് കണ്ടെത്തിയ പേരാമ്പ്ര, ബാലുശേരി മേഖലയിലെ ഒരാളുമായും ഇയാള്‍ സമ്പര്‍ക്കും പുലര്‍ത്തിയിട്ടില്ല. രണ്ടാമത്തെ യാത്രയില്‍ വടകരയിലേക്ക് പോവുമ്പോള്‍ ബസ് പേരാമ്പ്ര വഴിയാണ് പോയത്. ഇതാണ് പേരാമ്പ്രയുമായി ഇയാള്‍ക്ക് ആകെയുള്ള ബന്ധം. നിലവിലെ പരിശോധനയില്‍ നിപാ രോഗം സംശയിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it