kasaragod local

വ്യവസായ വികസനത്തിന് നടപടി ത്വരിതപ്പെടുത്തണം: ജില്ലാ വികസനസമിതി

കാസര്‍കോട്: ജില്ലയുടെ വ്യവസായ വികസനത്തിന് സഹായകമായി കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം പരിഗണിക്കുന്ന ചീമേനി ഇന്‍ഡസ്ട്രിയല്‍ ടെക്‌നിക്കല്‍ സെന്ററും, കരിന്തളം വ്യവസായകേന്ദ്രവും ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസനസമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
25 ഏക്കര്‍ സ്ഥലമാണ് ഈ വ്യവസായകേന്ദ്രങ്ങള്‍ക്ക് ആവശ്യം. കേന്ദ്ര ചെറുകിടവ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ ജില്ലക്ക് നഷ്ടപ്പെടാതിരിക്കാന്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം കെ കുഞ്ഞിരാമന്‍ എംഎല്‍എയാണ് അവതരിപ്പിച്ചത്. ഓരിമുക്ക്-ഏഴിമല റോഡ് നിര്‍മാണത്തിന്റെ തടസ്സങ്ങള്‍ നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തില്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രവര്‍ത്തികളുടെ സമഗ്ര പുരോഗതി റിപോര്‍ട്ട് ലഭ്യമാക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഏരിയാല്‍ ചെറുകിട ജലസേചനപദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് എംഎല്‍എ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുക്കംകൈ കുടിവെള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കണം.
ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളിലെ ഒഴിവുകള്‍ സമയബന്ധിതമായി പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യണമെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച സിസി ടിവി കാമറകള്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ബളാല്‍ പഞ്ചായത്തില്‍ മാലോം പടയങ്കല്ലില്‍ വനത്തിനും വന്യജീവികള്‍ക്കും, പരിസ്ഥിതിക്കും ദോഷകരമാകുന്ന ക്വാറി ആരംഭിക്കുന്നത് തടയാന്‍ സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ചളിയംകോട് രണ്ടുവര്‍ഷമായി വയലില്‍ തടസ്സപ്പെട്ട കൃഷിയിറക്കുന്നതിന് കെഎസ്ടിപി ക്രോസ്ബാര്‍ നിര്‍മിച്ച് സംവിധാനം ഒരുക്കണമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പൊയിനാച്ചി-ബന്തടുക്ക റോഡില്‍ മുന്നാട് കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതു തടയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഉദുമ സര്‍ക്കാര്‍ കോളജ് കെട്ടിടത്തിന് സാങ്കേതികാനുമതി ഉടന്‍ ലഭ്യമാക്കണം. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ വികസനങ്ങള്‍ പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ യോഗത്തില്‍ വിലയിരുത്തി.
ജില്ലാ പഞ്ചായത്തിന്റെ അധീനയതിലുളള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയ്ക്ക് അഞ്ചുകോടിയുടെ കെട്ടിടത്തിന് നഗരസഭയുടെ നിര്‍മ്മാണ അനുമതി ലഭ്യമാകുന്നതിന് നടപടി ത്വരിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു.
നീലേശ്വരം നഗരസഭയ്ക്കകത്തുള്ള പൊതുമരാമത്ത് റോഡുകളുടേയും ദേശീയപാതയുടേയും അറ്റകുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭയെ തീരദേശ നിയന്ത്രണ നിയമത്തിന്റെ രണ്ടാം സോണില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ മൂന്നാം സോണിലാണ് നീലേശ്വരം നഗരസഭ.
പട്ടികജാതി വികസന വകുപ്പിന്റെ സ്വയംപര്യാപ്തത എസ്‌സി കോളനി നിര്‍മ്മാണത്തിന് ആലുവ എഫ്‌ഐ സിടി ഏറ്റെടുത്ത പദ്ധതികളുടെ പുരോഗതി അവലോകനത്തിന് പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. ദേശീയപാതയില്‍ അറ്റകുറ്റ പണികള്‍ക്കും തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന മയിച്ചയിലും മറ്റു പ്രദേശങ്ങളിലും റോഡ് സുരക്ഷ ഫണ്ട് വിനിയോഗിച്ച് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി റിപോര്‍ട്ട് അവതരിപ്പിച്ചു. എഡിഎം എച്ച് ദിനേശന്‍, എന്‍ഡോ സള്‍ഫാന്‍ സെല്‍ ഡപ്യൂട്ടി കലക്ടര്‍ ഗോവിന്ദന്‍ പലങ്ങാട്ട്, കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി സംബന്ധിച്ചു.
Next Story

RELATED STORIES

Share it