kannur local

വ്യവസായ മേഖലയ്ക്ക് ഉപകാരപ്പെടാതെ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍

കണ്ണൂര്‍: മലബാറിലെ വ്യവസായ മേഖലയ്ക്ക് കുതിപ്പേകാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പ് മാങ്ങാട്ടുപറമ്പില്‍ ആരംഭിച്ച ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല.
പദ്ധതി പാളിയതോടെ ദേശീയപാതയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഡിപ്പോ തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ കാടുകയറിയിരിക്കുകയാണ്. അഴീക്കല്‍ തുറമുഖവും കണ്ണൂര്‍ വിമാനത്താവളവും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ആരംഭിച്ച ഡിപ്പോയില്‍ ഇതുവരെ ഒരു രൂപയുടെ കയറ്റുമതി പോലും ഉണ്ടായിരുന്നില്ല. മലബാര്‍ ജില്ലകളിലെ ഉല്‍പന്നങ്ങളെല്ലാം കൊച്ചിയിലേക്ക് കൊണ്ടുപോയി അവിടെവച്ച് പാക്ക് ചെയ്ത് കയറ്റി അയക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇതിനു പരിഹാരമായാണ് അഞ്ചുകോടി വിനിയോഗിച്ച് മാങ്ങാട്ടുപറമ്പില്‍ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ സ്ഥാപിച്ചത്.
2012 ഏപ്രിലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമ്മീഷന്‍ ചെയ്ത ഡിപ്പോ 4.86 ഏക്കറിലാണ് സ്ഥാപിച്ചിട്ടുള്ളത്. 1946 സ്‌ക്വയര്‍ മീറ്ററാണ് വിസ്തൃതി. കണ്ടെയ്‌നര്‍ യാഡ് മാത്രം 2500 സ്‌ക്വയര്‍ മീറ്ററുണ്ട്. കെട്ടിഘോഷിച്ചു നടത്തിയ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ എംഡി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. മലബാറിന്റെ വികസനത്തിന് സംഭാവന നല്‍കാന്‍ കഴിയുന്ന ഡിപ്പോ, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ കേരളത്തിലെ പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ തുടക്കം മാത്രമാണ്. ഡിപ്പോ പ്രവര്‍ത്തനസജ്ജമായാല്‍ കയറ്റുമതി, ഇറക്കുമതി സംബന്ധമായ നടപടിക്രമങ്ങള്‍ കണ്ണൂരില്‍ തന്നെ സാധ്യമാവും.
കാര്‍ഗോ സൂക്ഷിപ്പും സംഭരണവും വിതരണവും നടത്താന്‍ സൗകര്യമുണ്ടാവും. കാര്‍ഗോ ഇന്‍ഷുറന്‍സ്, ലോഡിങ്, അണ്‍ ലോഡിങ് സൗകര്യത്തിന് പുറമെ ഭക്ഷ്യധാന്യങ്ങള്‍, വ്യാവസായിക ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍, റബര്‍ തുടങ്ങിയവ ഏതു കാലാവസ്ഥയിലും വന്‍തോതില്‍ സംഭരിച്ച് സൂക്ഷിക്കാനാവും. കൊച്ചി, മംഗളൂരു തുറമുഖങ്ങളിലേക്ക് നിറച്ചതും കാലിയാക്കിയതുമായ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് ക്ലിയറന്‍സോടെ കൊണ്ടുപോവാനാവും. നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കും തിരിച്ചും കസ്റ്റം ബോണ്ടഡ് ട്രക്കുകള്‍ (സിബിടി) കൊണ്ടുപോവാന്‍ കഴിയും.
കൂടാതെ, കണ്ടെയ്‌നര്‍ റിപ്പയറിങ്, വാഷിങ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാവും. എന്നാല്‍, ഇത്രയേറെ സൗകര്യമുണ്ടായിട്ടും ഡിപ്പോ പ്രവര്‍ത്തനം തുടങ്ങാന്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it