Flash News

വ്യവസായിയെ കബളിപ്പിച്ച് വന്‍തുക തട്ടിയെടുത്ത പ്രതി മുംബൈയില്‍ അറസ്റ്റില്‍



തിരുവനന്തപുരം: വ്യവസായിയെ കബളിപ്പിച്ച് വന്‍തുക തട്ടിയെടുത്ത കേസിലെ പ്രതിയെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ ജയേഷ് കുമാര്‍ അഗര്‍വാളാണ് അറസ്റ്റിലായത്. ഇംഗ്ലണ്ടിലുള്ള ഇംപീരിയല്‍ ലബോറട്ടറീസ് എന്ന സ്ഥാപനത്തിനു വേണ്ടി ടാഗ്രി റൂട്ട്‌സ്”എന്ന അസംസ്‌കൃത വസ്തു ഇന്ത്യയില്‍ നിന്ന് ആവശ്യമുണ്ടെന്നു കാണിച്ച് എറണാകുളം സ്വദേശിയും വ്യവസായിയുമായ പരാതിക്കാരന് 2014 ആഗസ്തില്‍ വന്ന ഇ-മെയിലോടെയാണ് തട്ടിപ്പിന്റെ തുടക്കം. വ്യവസായിയുടെ വ്യക്തിഗത വിവരങ്ങളെല്ലാം ഓ ണ്‍ലൈന്‍ മുഖേന മനസ്സിലാക്കിയിരുന്ന തട്ടിപ്പുസംഘം അയാളുടെ ബിസിനസ് അഭിരുചി മനസ്സിലാക്കി പിഴവുകളില്ലാതെ 68 ലക്ഷം രൂപ ചോര്‍ത്തിയെടുക്കുകയായിരുന്നു. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ച് വ്യാജമായി തയ്യാറാക്കിയ രേഖകള്‍ അറ്റാച്ച് ചെയ്ത ഇ-മെയിലുകളും വ്യാജ വെബ്‌സൈറ്റുകളും ഇംഗ്ലണ്ടിലേതെന്നു തോന്നിക്കുന്ന തരത്തില്‍ സജ്ജീകരിച്ച മൊബൈല്‍ നമ്പറുകളും ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്. പ്രതികള്‍ പരാതിക്കാരനെ ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളുടെ ഐപി അഡ്രസ്സ്, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് സൈബര്‍ ക്രൈം പോലിസ് നടത്തിയ അന്വേഷണത്തില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടത്തിയ സംഘം പ്രവര്‍ത്തിക്കുന്ന തെന്നു കണ്ടെത്തിയിരുന്നു. 2014ലാണ് തൃക്കാക്കര പോലിസ് സ്റ്റേഷനില്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനില്‍ 2016ല്‍ തുടരന്വേഷണ ചുമതല കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിജിപിയുടെ നിര്‍ദേശപ്രകാരം ആസൂത്രിത കുറ്റാന്വേഷണ വിഭാഗം എസ്പി മുഹമ്മദ് ഷബീറിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് എം ഇഖ്ബാല്‍, എസ്‌ഐ അനീഷ് കരീം, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ എന്‍ സുനില്‍ കുമാര്‍, പി ഷിബു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് മുംബൈയിലെ വഹാല്‍ എന്ന സ്ഥലത്തുനിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്നും വ്യാജ കമ്പനികളുടെ പേരിലും പ്രതിയുടെയും ഭാര്യയുടെയും പേരിലും വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ബാങ്കുകളില്‍ തുടങ്ങിയ അക്കൗണ്ടുകളും നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പെന്‍ഡ്രൈവുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ കൂട്ടാളികളായ നൈജീരിയന്‍ സ്വദേശിയെക്കുറിച്ചും മുംബൈയിലെയും ജയ്പൂരിലെയും ന്യൂഡല്‍ഹിയിലെയും കൂട്ടുപ്രതികളെയും കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it