Alappuzha local

വ്യവസായത്തിനുള്ള അനുമതി പത്രങ്ങള്‍ ഏകജാലകം വഴി നടപ്പാക്കണം: വി എസ് അച്യുതാനന്ദന്‍

ആലപ്പുഴ: സംസ്ഥാനത്ത് പുതിയ ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുമതി പത്രങ്ങള്‍ ഏകജാലകം വഴി നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളാ സ്‌റ്റേറ്റ് ചെറുകിട വ്യവസായി അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആലപ്പുഴ റോയല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച വ്യവസായി സംഗമം 2015 ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്. പുതിയ വ്യവസായം തുടങ്ങുന്നതിന് ഭൂമി, പഞ്ചായത്ത് ലൈസന്‍സ്, ഫാക്ടറി ആക്ടറ്റ് അനുസരിച്ചുള്ള അനുമതി, മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും അനുമതികള്‍ക്കായി പല ഓഫിസുകളില്‍ കയറിയിറങ്ങി നടക്കുന്നിലൂടെ വ്യവസായം തുടങ്ങുന്നതിന് നേരിടുന്ന കാലതാമസം ഒഴുവാക്കാന്‍ ഏകജാലക സംവിധനമാണ് ഉത്തമം. കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി ചെറുകിട വ്യവസായങ്ങള്‍ക്കും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതില്‍ അലംഭാവം കാട്ടുന്ന സര്‍ക്കാര്‍ കുത്തക വ്യാവസായികള്‍ക്ക് വിലിയ സഹായമാണ് നല്‍കുന്നത്.

വന്‍കിടക്കാര്‍ക്ക് വ്യവസായം തുടങ്ങാന്‍ ഭൂമിയും മറ്റ് അനുമതി പത്രങ്ങളും നല്‍കുന്നതില്‍ ഒരു കാലതാമസവും വരുത്തുന്നില്ല. സംസ്ഥാനത്ത് ഒന്നരലക്ഷം ചെറുകിട വ്യവസായങ്ങളിലായി 15 ലക്ഷം തൊഴിലാളികള്‍ നേരിട്ടും 50ലക്ഷം തൊഴിലാളികള്‍ പരോക്ഷമായും തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു. കെ സി വേണുഗോപാല്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. കയര്‍ബോര്‍ഡിന്റെ റിമോട്ട് സ്‌കീം തകര്‍ന്ന് കയര്‍ മേഖലയില്‍ ജപ്തി ഭീഷണിയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു. കേരളാ സ്‌റ്റേറ്റ് ചെറുകിട വ്യവസായി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. എം എസ് അനസ് അധ്യക്ഷത വഹിച്ചു. നല്ല വ്യവസായിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച എ മുഹമ്മദ് കുഞ്ഞ്, വ്യവസായികളായ ഹിമാലയ ഗ്രൂപ്പ് ഉടമ സുധീഷ്, മംഗളാ സ്‌റ്റോഴ്‌സ് പ്രേമാനന്ദഭട്ട്, വര്‍ഗീസ് ജോണ്‍ എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് ഉപഹാരം നല്‍കി ആദരിച്ചു. കെ പി രാമചന്ദ്രന്‍ നായര്‍ അംഗത്വ വിതരണം നടത്തി. മാന്നാര്‍ അബ്ദുല്‍ലത്തീഫ്, പി ജോയി ഉമ്മന്‍, പി സി ശാന്ത, ജി.രവികുമാര്‍, കെ കെ രമേശന്‍, എസ് ബിജുകുമാര്‍, ബെന്നി പാറയില്‍ പി ജെ ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it