Alappuzha local

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമൂഹമായി മാറണം: രമേശ് ചെന്നിത്തല

ആലപ്പുഴ: കേരളം സ്വതന്ത്ര സമൂഹമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമൂഹമായി നാം തുടരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡിനോടനുബന്ധിച്ചുള്ള ആര്‍ട്ട് ഡീടൂറിന് ഹരിപ്പാട് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കലാകാരന്മാരും പത്രപ്രവര്‍ത്തകരും ആക്രമണത്തിനും കൊലപാതകങ്ങള്‍ക്കും ഇരയാകുന്ന വാര്‍ത്തകള്‍ ഞെട്ടലോടെയേ കേള്‍ക്കാനാകുകയുള്ളു. ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന നടപടി അംഗീകരിക്കാനാകില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനുള്ള ഏതു ശ്രമങ്ങളേയും ചെറുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് രമേശ് ചെന്നത്തല ചൂണ്ടിക്കാട്ടി.
ശനിയാഴ്ച രാത്രി കായംകുളത്ത് എത്തിച്ചേര്‍ന്ന ആര്‍ട്ട് ഡീടൂറിന് ഞായറാഴ്ച  അമ്പലപ്പുഴ, കൊമ്മാടി, കലവൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. തിങ്കളാഴ്ചത്തെ പരിപാടികള്‍ രാവിലെ ഒന്‍പതിന് അരൂര്‍ പാലത്തില്‍ തുടങ്ങും. മെയ് 14ന് കാഞ്ഞങ്ങാടാണ് ആര്‍ട്ട് ഡീടൂര്‍ സമാപിക്കുന്നത്.തിരുവനന്തപുരം നഗരത്തില്‍ മാത്രം സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസിനുള്ളില്‍ ഒരുക്കിയിട്ടുള്ള മള്‍ട്ടിമീഡിയ കലാപ്രദര്‍ശനമാണ് ആര്‍ട്ട് ഡീടൂറിന്റെ പ്രധാന ആകര്‍ഷണം.
സീറ്റുകള്‍ മുഴുവനും എടുത്തു മാറ്റിയ ബസിന്റെ രണ്ടു നിലയിലും പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. താഴത്തെ നിലയില്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഇന്‍സ്റ്റലേഷനാണ്. മുകള്‍ നിലയില്‍ ഫോട്ടോകളും ചിത്രങ്ങളും ഹ്രസ്വചലനചിത്രങ്ങളുമെല്ലാമായി മള്‍ട്ടി മീഡിയ പ്രദര്‍ശനവുമുണ്ട്. ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവ് ജി.അജിത് കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം രൂപകല്‍പന ചെയ്ത് പ്രദര്‍ശനവും ഇന്‍സ്‌റ്റേലേഷനും സജ്ജീകരിച്ചിരിക്കുന്നത്.
ഇരുപതിലേറെ കലാകാരന്മാര്‍ നാടകം, നാടന്‍ പാട്ടുകള്‍, തല്‍സമയ ചിത്രരചന തുടങ്ങിയവയുമായി ഡബിള്‍ ഡക്കര്‍ ബസിനെ അനുഗമിക്കുന്നുണ്ട്. രണ്ടുനിലകളുള്ള ബസ് എയര്‍ കണ്ടീഷന്‍ ചെയ്താണ് കലാപ്രദര്‍ശനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് അഭിപ്രായ സര്‍വ്വേ, ലൈവ് പെര്‍ഫോമന്‍സുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക യാത്രയാണിതെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it