Gulf

വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ റിട്ടേണ്‍ വിസ

ദോഹ: വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ക്ക് ഓണ്‍ലൈനായി റിട്ടേണ്‍ വിസ അനുവദിക്കും. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മെത്രാഷ് രണ്ട് വഴിയോ സ്വയം സേവന കേന്ദ്രം വഴിയോ റിട്ടേണ്‍ വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാം. ആഭ്യന്തരമന്ത്രാലയത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, ബോര്‍ഡേഴ്‌സ് ആന്റ് എക്‌സ്പാട്രിയേറ്റ്‌സിന് കീഴിലെ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ ആവശ്യമായി വരുന്ന സമയം ലാഭിക്കുന്നതിനാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പിലെ ട്രാവല്‍ പെര്‍മിറ്റ് വിഭാഗം മേധാവി മേജര്‍ നാസര്‍ ജാബേര്‍ അല്‍മാലികി പറഞ്ഞു.
പാസ്‌പോര്‍ട്ട് വകുപ്പിലെ മിക്ക സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈന്‍ മുഖേനയാക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നത് ഉള്‍പ്പടെ നിലവില്‍ പേപ്പര്‍ മുഖേനയുള്ള ഇടപാടുകളും ഉടന്‍തന്നെ ഓണ്‍ലൈനിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് അവരുടെ ഇടപാടുകള്‍ എളുപ്പം പൂര്‍ത്തീകരിക്കുന്നതിനാണ് ഇത്തരം ക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോലിഭാരവും സമയവും ലാഭിക്കുന്നതിന് മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ജനങ്ങള്‍ തയ്യാറാകണം.
രണ്ട് വിസ ഉള്ളവര്‍ക്ക് ഒന്ന് നിലനിര്‍ത്തുന്നതിനും മറ്റേത് അവസാനിപ്പിക്കുന്നതിനും പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ പുതുക്കുന്നതിനും ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിസ കാലാവധി തീരാതെ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്ക് ഒരു മാസം അധിക സമയം ലഭിക്കുന്നതിനും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
ഭാര്യ, മക്കള്‍ തുടങ്ങിയ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പില്‍ പുറത്ത് കഴിയുന്നവര്‍ക്ക് ഒരു മാസം അധിക സമയം ലഭിക്കുന്നതിന് ഈ സംവിധാനം ഉപയോഗിക്കാം.
മെത്രാഷ് രണ്ട് വഴി റെസിഡന്‍സി പെര്‍മിറ്റ് ലഭിച്ചാല്‍ അതിന് ഒരു മാസം കാലാവധി ലഭിക്കും. അധികമായി ലഭിക്കുന്ന സമയത്തിനുള്ളില്‍ അവര്‍ രാജ്യത്ത് പ്രവേശിച്ചാല്‍ മതിയാകും.
പാസ്‌പോര്‍ട്ട് നമ്പര്‍, കാലാവധി തീയതി എന്നിവ മാറ്റുന്നതിനും ഓണ്‍ലൈന്‍ സേവനം തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it