വോള്‍ഫ്‌സില്‍ തട്ടി മാഞ്ചസ്റ്റര്‍ പുറത്ത്

മ്യൂണിക്ക്/മാഡ്രിഡ്: അപ്രതീക്ഷിത തോല്‍വിയോടെ മുന്‍ ചാംപ്യന്‍മാരും ഇംഗ്ലണ്ടിലെ അതികായന്‍മാരുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് ബിയിലെ നിര്‍ണായക അവസാന മല്‍സരത്തില്‍ ജര്‍മനിയില്‍ നിന്നുള്ള വോള്‍ഫ്‌സ്ബര്‍ഗാണ് മാഞ്ചസ്റ്ററിനെ ഞെട്ടിച്ചത്.
ഒരു ഗോളിന് മുന്നില്‍ നിന്നതിനു ശേഷം രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് മാഞ്ചസ്റ്ററിനെ വോള്‍ഫ്‌സ്ബര്‍ഗ് വീഴ്ത്തുകയായിരുന്നു. ജയത്തോടെ മാഞ്ചസ്റ്റര്‍ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.
അതേസമയം, ശക്തരായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും അത്‌ലറ്റികോ മാഡ്രിഡും തകര്‍പ്പന്‍ വിജയത്തോടെ അവരവരുടെ ഗ്രൂപ്പില്‍ ജേതാക്കളായി മുന്നേറി. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഫ്രഞ്ച് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയുടെ ഉജ്ജ്വല പ്രകടനമാണ് ഗ്രൂപ്പ് എയില്‍ സ്വീഡിഷ് ക്ലബ്ബായ മാല്‍മോ എഫ്എഫിനെതിരേ സ്പാനിഷ് അതികായന്‍മാരും മുന്‍ ജേതാക്കളുമായ റയലിന് വമ്പന്‍ ജയം നേടിക്കൊടുത്തത്. ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത എട്ട് ഗോളിനാണ് റയല്‍ വെന്നിക്കൊടി നാട്ടിയത്.
റയലിനായി ക്രിസ്റ്റിയാനോ നാലു ഗോളും ബെന്‍സെമ ഹാട്രിക്കും നേടി. മാറ്റിയോ കൊവാസിക്കാണ് റയലിന്റെ മറ്റൊരു സ്‌കോറര്‍. ചാംപ്യന്‍സ് ലീഗില്‍ ഒരു മല്‍സരത്തില്‍ റയലിനു വേണ്ടി നാല് ഗോളുകള്‍ നേടുന്ന ആദ്യത്തെ താരമാണ് ക്രിസ്റ്റിയാനോ. ഇതിനു പുറമേ ചാംപ്യന്‍സ് ലീഗിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ക്രിസ്റ്റിയാനോ തന്റെ ഗോള്‍ സമ്പാദ്യം 84 ആക്കി ഉയര്‍ത്തുകയും ചെയ്തു. 79 ഗോളുകളുമായി ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിലായി രണ്ടാംസ്ഥാനത്തത്. ടൂര്‍ണമെന്റിലെ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ 10 ഗോളുകളിലധികം നേടുന്ന ആദ്യ താരമെന്ന ഖ്യാതിയും പോര്‍ച്ചുഗീസ് താരത്തെ തേടിയെത്തി. ഗ്രൂപ്പ് സ്റ്റേജിലെ ആറു മല്‍സരങ്ങളില്‍ നിന്ന് ക്രിസ്റ്റി 11 ഗോളുകളാണ് ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഷക്തര്‍ ഡൊണെസ്‌കിനെ 0-2ന് തോല്‍പ്പിച്ച് നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കരസ്ഥമാക്കിയ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയും കരുത്തുകാട്ടി.
ഗ്രൂപ്പ് സിയില്‍ അത്‌ലറ്റികോ 2-1ന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചപ്പോള്‍ ഗ്രൂപ്പ് ഡിയില്‍ ഹോംഗ്രൗണ്ടില്‍ സിറ്റി 4-2ന് ബൊറൂസ്യ മൊകന്‍ഗ്ലാഡ്ബാക്കിനെ തരിപ്പണമാക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ റഹീം സ്‌റ്റെര്‍ലിങാണ് സിറ്റിയുടെ ഹീറോ. ഗ്രൂപ്പ് ഡിയിലെ മറ്റൊരു കളിയില്‍ സെവിയ്യയോട് 1-0ന് തോറ്റെങ്കിലും സിറ്റിക്കു പിറകെ രണ്ടാംസ്ഥാനക്കാരായി യുവന്റസ് പ്രീക്വാര്‍ട്ടറിലേക്ക് അനായാസം മുന്നേറിയിട്ടുണ്ട്.
ഇരട്ട ഗോള്‍ നേടി നാല്‍ഡോയാണ് മാഞ്ചസ്റ്ററിനെതിരേ വോള്‍ഫ്‌സിന് അവിസ്മരണീയ ജയം നേടിക്കൊടുത്തത്. മല്‍സരത്തില്‍ നേരിയ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഗോളാക്കി മാറ്റുന്നതില്‍ മാഞ്ചസ്റ്റര്‍ പരാജയപ്പെടുകയായിരുന്നു.
ഗ്രൂപ്പ് ബിയിലെ മറ്റൊരു കളിയില്‍ ഹോളണ്ടില്‍ നിന്നുള്ള പിഎസ്‌വി ഐന്തോവാന്‍ 2-1ന് സിഎസ്‌കെഎ മോസ്‌ക്കോയെ തോല്‍പ്പിച്ചു. 12 പോയിന്റുമായി വോള്‍ഫ്‌സ്ബര്‍ഗ് ഗ്രൂപ്പ് ബി ജേതാക്കളായപ്പോള്‍ 10 പോയിന്റോടെ പിഎസ്‌വി രണ്ടാം സ്ഥാനക്കാരായി. മാഞ്ചസ്റ്ററിന് എട്ട് പോയിന്റ് നേടാനെ സാധിച്ചുള്ളൂ.
Next Story

RELATED STORIES

Share it