malappuram local

വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം: മങ്കട 66 കെവി സബ്‌സ്റ്റേഷന്‍ നാളെ മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും

മലപ്പുറം: മങ്കട 66 കെവി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനാവും. പൊതു സമ്മേളനം ഇ അഹമ്മദ് എംപി ഉദ്ഘാടനം ചെയ്യും. ടി എ അഹമ്മദ് കബീര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര സര്‍ക്കാറിന്റെ രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന (ആര്‍ജിജിവിവൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മങ്കടയില്‍ 66 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചത്. 5.25 കോടി ചെലവില്‍ പണിത സബ്‌സ്റ്റേഷനില്‍ 10 എംവിഎ ശേഷിയുള്ള ഒരു 66/11 കെവി ട്രാന്‍സ്‌ഫോമറും ആധുനിക അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ള മലപ്പുറം - പെരിന്തല്‍മണ്ണ ഫീഡറില്‍ ഏലച്ചോലയില്‍ നിന്ന് 1.5 കിമീ ദൈര്‍ഘ്യം വരുന്ന 65 കെവി ഡബിള്‍ സര്‍ക്യൂട്ട്‌ലൈന്‍ നിര്‍മിച്ചാണ് സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിട്ടുള്ളത്.
നിലവിലുള്ള മലപ്പുറം- പെരിന്തല്‍മണ്ണ 66 കെവി ഫീഡറിന്റെ ശേഷി 110 കെവിയായി ഉയര്‍ത്തുന്നതിനനുസരിച്ച് 110 കെവിയാക്കി ഉയര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് മങ്കട സബ് സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ടുള്ളത്. നിലവില്‍ സബ്‌സ്റ്റേഷനില്‍ നിന്നു 11 കെവി ഫീഡറുകളിലായി സമീപ പ്രദേശങ്ങളിലേക്ക് വൈദ്യുതി വിതരണം നടത്തുന്നുണ്ട്.
രണ്ട് 11 കെവിഫീഡറുകള്‍ കൂടി കൊടുക്കാവുന്ന സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരു 66/11 കെവി ട്രാന്‍ഫോമര്‍ കൂടി സ്ഥാപിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, ആനക്കയം പഞ്ചായത്തുകളില്‍പ്പെട്ട 50,000 ത്തോളം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭ്യമാലും. കൂടാതെ 33 കെവി മക്കരപ്പറമ്പ്, 220 കെവി മലാപ്പറമ്പ് സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള നിലവിലെ ഫീഡറുകളുടെ ലോഡ് കുറയുന്നതുകൊണ്ട്, ആ ഫീഡറുകളിലെ വോള്‍ട്ടേജ് വര്‍ധിക്കുന്നതിനും കാരണമാവും.
നിലവിലുള്ള പ്രസരണ - വിതരണ ശൃംഖലയില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത് 66 കെവി സബ്‌സ്റ്റേഷനും അനുബന്ധ ലൈനുകളും പ്രസരണ - വിതരണ നഷ്ടം കുറയ്ക്കുന്നതിനും, കാര്യക്ഷമത വര്‍ധിപ്പിച്ച് ഗുണനിലവാരമുള്ള വൈദ്യുതി തടസ്സമില്ലാതെ ലഭിക്കുന്നതിനും സഹായകരമാവും.
സബ്‌സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം 2011 ഡിസംബര്‍ 31ന് മന്ത്രി ആര്യാടന്‍ മുഹമ്മദാണ് നിര്‍വഹിച്ചത്.
Next Story

RELATED STORIES

Share it