Blogs

വോട്ട് വേട്ടയായി; സഖാക്കളുടെ മുഖച്ഛായ മാറുന്നു

.

മധ്യമാര്‍ഗം/ പരമു

കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ മാറ്റം കണ്ട് മലയാളികളാകെ അദ്ഭുതപ്പെടുകയാണ്. മനുഷ്യന്മാര്‍ക്ക് ഇങ്ങനെയും മാറ്റമുണ്ടാവുമോ? ചുവപ്പ് പാര്‍ട്ടിയാകെ ജനങ്ങളിലേക്ക് ഇറങ്ങിവന്നിരിക്കുന്നു. ജനങ്ങളാണോ പാര്‍ട്ടി, അല്ലെങ്കില്‍ പാര്‍ട്ടിയാണോ ജനങ്ങള്‍ എന്നുപോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. ലോകത്താകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പലതരം മാറ്റിമറിച്ചിലുകള്‍ ഉണ്ടായപ്പോഴും പാറപോലെ നിലകൊണ്ട പാര്‍ട്ടി കേരളത്തിലേതു മാത്രമായിരുന്നു. അപ്പോഴൊക്കെ ഇവിടത്തെ പ്രസ്ഥാനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് മാറ്റത്തെക്കുറിച്ച് ലവലേശം ചിന്തിക്കേണ്ടിവന്നില്ല. പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടാന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കൊലപാതകങ്ങള്‍ നന്നായി സഹായിക്കുകയും ചെയ്തു.

ഇപ്പോഴത്തെ അടിമുടി മാറ്റം പെട്ടെന്നുണ്ടായതാണ്. അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പാണ് എല്ലാം കീഴ്‌മേല്‍ മറിച്ചത്. സ്വഭാവം നന്നാക്കണം, ശൈലി മാറണം, ആളെ കണ്ടാല്‍ ചിരിക്കണം, സഹായമനസ്ഥിതി വേണം, കാരുണ്യം വേണം, ജീവിതം ലളിതമാക്കണം- ഇങ്ങനെ സഖാക്കളുടെ മുഖച്ഛായ പാടേ മാറ്റുന്ന കര്‍മപദ്ധതികള്‍ക്കാണ് മേല്‍ക്കമ്മിറ്റി രൂപം നല്‍കിയത്. സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൂടി യു.ഡി.എഫ്. ഭരിച്ചാലുള്ള ആപത്ത്, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബംഗാളിലെപോലെ കെട്ടിവച്ച കാശ് പോയാലുള്ള നാണക്കേട്, പിന്നെ ഫണ്ട് പിരിവിനു സംഭവിക്കാന്‍ പോവുന്ന കനത്ത ഇടിച്ചില്‍ ഇതൊക്കെ വിമര്‍ശനം-സ്വയം വിമര്‍ശനം നടത്തിയാണത്രെ മുഖച്ഛായാ മാറ്റങ്ങള്‍ക്ക് രൂപരേഖ ഉണ്ടാക്കിയത്. പാര്‍ട്ടിക്ക് ബന്ധമുള്ള ഏതോ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ സഹായവും ഇക്കാര്യത്തില്‍ ഉണ്ടായതായി കേള്‍ക്കുന്നുണ്ട്. പക്ഷേ, അതു രേഖയില്‍ ഉണ്ടാവില്ല.
നേരിട്ട് അനുഭവിച്ചാലേ മുഖച്ഛായ മാറ്റത്തിന്റെ വലുപ്പം പിടികിട്ടുകയുള്ളൂ. പരമുവിന് കഴിഞ്ഞ ദിവസം അങ്ങനെ അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ദീര്‍ഘകാലം ഒന്നിച്ചു പ്രവര്‍ത്തിച്ച ഇപ്പോഴത്തെ ഒരു നേതാവിനെ വഴിയില്‍ വച്ച് കണ്ടുമുട്ടി. പാര്‍ട്ടിയില്‍ ഭാരിച്ച ചുമതലകളും പല സര്‍ക്കാര്‍ കമ്മിറ്റികളിലും അംഗത്വവും കാരണം നേതാവിന് തിരക്കോട് തിരക്കായിരുന്നു. മുഖത്തോട് മുഖം കണ്ടാല്‍ പോലും ചിരിക്കാന്‍ നേരമില്ലാത്ത സ്ഥിതി.
അദ്ഭുതം സംഭവിച്ചത് കഴിഞ്ഞ ദിവസം വഴിയില്‍ കണ്ടുമുട്ടിയപ്പോഴാണ്. ദൂരെ നിന്നു നേതാവിന്റെ രൂപം കണ്ടപ്പോള്‍ തന്നെ പരമു ആകാശത്തിലേക്കും കഴുത്തില്‍ വേദനവന്നപ്പോള്‍ ഭൂമിയിലേക്കും കണ്ണു തറപ്പിച്ചുനിന്നു. സംഭവസ്ഥലത്ത് ഒരു ചിരിയും സ്‌നേഹതലോടലും.
നേതാവ്: ഹലോ (ചിരി നിന്നിട്ടില്ല). എന്തൊക്കെ ചങ്ങാതി വിശേഷങ്ങള്‍. എത്രകാലമായി കണ്ടിട്ട്. എവിടെയാണിപ്പോള്‍?
പരമു: (താഴ്മയോടെ) നല്ല വിശേഷങ്ങള്‍. ഞാന്‍ ഇവിടെ തന്നെയുണ്ട്.
നേതാവ്: അല്ല, അച്ഛനു സുഖമല്ലേ.
പരമു: അച്ഛന്‍ മരിച്ചിട്ട് 11 കൊല്ലമായി.
നേതാവ്: ഹോ, അച്ഛന്‍ പോയതു മറന്നു. അമ്മയുടെ കാര്യാ ഞാന്‍ ചോദിച്ചത്.
പരമു: അമ്മ പോയിട്ട് വര്‍ഷം ഏഴുകഴിഞ്ഞു.
പിന്നെയും എന്തോ പറയാന്‍ ഭാവിക്കുന്നതിനു മുമ്പ് പരമു: അല്‍പ്പം തിരക്കുണ്ട്. ഞാന്‍ പോട്ടെ.
നേതാവ്: എനിക്കും തിരക്കുണ്ട്. സഖാവിനെ കണ്ടപ്പോള്‍ രണ്ടുവര്‍ത്തമാനം പറയാതെ എങ്ങനെയാ പോവ്വ്വാ.
പരമു: എന്നാല്‍ പിന്നെ കാണാം (നടക്കുന്നു).
നേതാവ്: അല്ല ഒന്നു നില്‍ക്കൂ. ഒരു കാര്യം പറയാനുണ്ട്. പച്ചക്കറിയുടെ കാര്യം അറിയില്ലേ. ഒക്കെ വിഷമാ. മാര്‍ക്കറ്റില്‍നിന്നു പച്ചക്കറി വാങ്ങരുതേ.
പരമു: പിന്നെ എവിടെനിന്നു വാങ്ങും സഖാവേ?
നേതാവ്: പാര്‍ട്ടി ജൈവപച്ചക്കറികൃഷി നടത്തുന്ന കാര്യം അറിഞ്ഞിട്ടില്ലേ?
പിറ്റേദിവസം രാവിലെ പരമുവിന്റെ വീട്ടില്‍ ജൈവ പച്ചക്കറികളെത്തി. ജീവനുള്ള പച്ചക്കറികള്‍! വലിയ കുട്ടയില്‍. വിലയും കുറവ്.
പച്ചക്കറി വിതരണക്കാരായ സഖാക്കള്‍ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്തു.
ജൈവപച്ചക്കറികള്‍ കഴിച്ച് ദേഹശുദ്ധി വരുത്തി ഇരിക്കുമ്പോഴാണ് ഓണം വന്നത്.
ഓണത്തലേന്നു വീട്ടിലൊരു പായസപ്പൊതിയെത്തി
(പായസം ഉണ്ടാക്കാനുള്ള സാധനങ്ങള്‍). വിലയില്ല. സംഭാവന വേണ്ട. ടോട്ടല്‍ ഫ്രീ.
അടക്കിവയ്ക്കാനാവാത്ത സന്തോഷത്താല്‍ ഈയൊരു അനുഭവം അയല്‍വാസികളോടും കൂട്ടുകാരോടും ചൂടോടെ പറഞ്ഞു. അവര്‍ക്കൊക്കെ ഇതിനേക്കാള്‍ വലിയ സന്തോഷം ഉണ്ടായതായി അപ്പോഴാണ് അറിയുന്നത്.
നാട്ടിലെ അമ്പലങ്ങളിലൊക്കെ ഉല്‍സവങ്ങളില്‍ കാര്യക്കാരായും കമ്മിറ്റിക്കാരായും വെളിച്ചപ്പാടായും നേരും നെറിയുമുള്ള വിപ്ലവകാരികളായ സഖാക്കള്‍ അണിനിരക്കുന്നതും വേറിട്ട കാഴ്ചയായിരുന്നു. പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി ഒന്നടങ്കം അമ്പലക്കമ്മിറ്റിയായി രൂപാന്തരപ്പെട്ട അനുഭവങ്ങളും ചില ദിക്കില്‍ ഉണ്ടായത്രെ. കല്യാണവീടുകളിലും മരണവീടുകളിലും സമീപകാലങ്ങളില്‍ സഖാക്കളുടെ നീണ്ടനിര തന്നെ കാണാവുന്നതാണ്. വീടുകളിലും കുടുംബങ്ങളിലും അയല്‍വാസികള്‍ തമ്മിലും തര്‍ക്കങ്ങളുണെ്ടങ്കില്‍ അത് രമ്യമായി പരിഹരിക്കാന്‍ സഖാക്കളുടെ പ്രത്യേക ടീമിനെ തന്നെ ഓരോ സ്ഥലത്തും നിയോഗിച്ചുകഴിഞ്ഞു. തര്‍ക്കം അങ്ങോട്ട് ചെന്നു പറയുകയേ വേണ്ടൂ. പിന്നെ പരിഹാരമായി. ഐക്യമായി. സ്‌നേഹമായി.
പാവങ്ങളെ സഹായിക്കണമെന്ന ആഹ്വാനം സഖാക്കള്‍ അക്ഷരംപ്രതി പാലിക്കുന്നുണ്ട്. അതായത് എല്ലാ സഖാക്കളുടെയും വീടുകളില്‍ ഉള്ളവരൊക്കെ പാവങ്ങളാണ്. അതുകൊണ്ട് സ്വന്തം വീട്ടിലുള്ളവരെ മാത്രം സഹായിച്ചാല്‍ മതിയാവുമല്ലോ.
Next Story

RELATED STORIES

Share it