വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിറകെപോവുന്നത് മുന്നണിയെ ദുര്‍ബലമാക്കും: കാനം

തൃശൂര്‍: എല്‍ഡിഎഫിന്റെ ഭദ്രതയ്ക്കു യാതൊരു കോട്ടവുമില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിറകെപോയി കുറുക്കുവഴികളിലൂടെയുള്ള ശ്രമങ്ങള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച “കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് ഇപ്പോള്‍ ഒരു ദൗര്‍ബല്യവുമില്ല. ദയവു ചെയ്ത് ആരും സെല്‍ഫ് ഗോളടിക്കരുതെന്ന അഭ്യര്‍ഥന മാത്രമേയുള്ളൂവെന്നും കാനം പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാക്കളായ കെ എം മാണി, ആര്‍ ബാലകൃഷ്ണപിള്ള, മുതിര്‍ന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവരെ വേദിയിലിരുത്തിയായിരുന്നു കാനം നിലപാടു പ്രഖ്യാപിച്ചതെന്നുള്ളത് ശ്രദ്ധേയമായി. എന്നാല്‍ മുന്നണി മാറുന്നതിനെക്കുറിച്ചു മനം വ്യക്തമാക്കാതെ കാര്‍ഷിക നയങ്ങളിലെ കെടുതികള്‍ വ്യക്തമാക്കിയുള്ള പ്രസംഗമാണു കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി നടത്തിയത്. നിത്യനിദാന ചെലവിനു പോലും കടം വാങ്ങുന്ന സര്‍ക്കാരിന്റെ സ്ഥിതി ഭയാനകമാണെന്നു പറഞ്ഞ മാണി ആഗോളകരാറുകള്‍ കേരളത്തെ തകര്‍ത്തിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഭൂരിപക്ഷ വര്‍ഗീയത ആക്രമണോല്‍സവമായ രീതിയില്‍ വളരുന്നതു ജാഗ്രതയോടെയും നോക്കിക്കാണണമെന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it