Districts

വോട്ട് ചോര്‍ച്ച: ലീഗ്- സമസ്ത ബന്ധത്തെ ഉലയ്ക്കും

മലപ്പുറം: ജില്ലാ പഞ്ചായത്ത് കരുവാരക്കുണ്ട് ഡിവിഷനില്‍ മല്‍സരിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയുടെ വോട്ട് ചോര്‍ച്ച മുസ്‌ലിംലീഗും ഇകെ വിഭാഗവും തമ്മിലുള്ള ബന്ധത്തില്‍ ആഴത്തില്‍ മുറിവേല്‍പിക്കും.
പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്തയുടെ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അഷ്‌റഫലിയെ തോല്‍പിക്കാന്‍ ഇകെ സമസ്തയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തിറങ്ങിയിരുന്നു. 2010ലെ തിരഞ്ഞെടുപ്പില്‍ 12,000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനു മുസ്‌ലിംലീഗിലെ കെ ജല്‍സീമിയ വിജയിച്ച സ്ഥലത്ത് ലീഗിന്റെ അഷ്‌റഫലി 2000ഓളം വോട്ടിനാണു രക്ഷപ്പെട്ടത്. അഷ്‌റഫലിക്കെതിരേ തുറന്ന പോര് നയിച്ച എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ വോട്ടെടുപ്പിന്റെ തലേന്ന് സ്ഥാനത്തു നിന്ന് സമസ്ത നീക്കിയിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവും കരുവാരക്കുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രിന്‍സിപ്പലും കൂടിയാണ് ഹമീദ് ഫൈസി. സമസ്ത മുശാവറ കോഴിക്കോട് നടക്കുന്നതിനിടയില്‍ അംഗങ്ങള്‍ കൂടിയറിയാതെയായിരുന്നു പുറത്താക്കല്‍ തീരുമാനം. ഇതോടെ ഇകെ വിദ്യാര്‍ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫില്‍ നിന്ന് ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. നവ മാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയില്‍ ഈ വിഭാഗം ടി പി അഷ്‌റഫലിക്കെതിരേ പ്രചാരണം നടത്തിയിരുന്നു.
കരുവാരക്കുണ്ടിലെ അപകടം മുന്നില്‍കണ്ട ലീഗ് രണ്ടുംകല്‍പിച്ചായിരുന്നു പോരാട്ടത്തിനിറങ്ങിയത്. കോണ്‍ഗ്രസ്സും ലീഗും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇവിടെ പല കൊമ്പുകളിലാണെങ്കിലും കരുവാരക്കുണ്ട് ജില്ലാ ഡിവിഷനില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ ലീഗ് ഉറപ്പിച്ചു. മന്ത്രി എ പി അനില്‍കുമാര്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. വിമതനായി രംഗത്തിറങ്ങിയ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യനെ പിന്തുണച്ച് എല്‍ഡിഎഫ് ഇവിടെ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെ പോരാട്ടം തീ പാറുകയായിരുന്നു. പക്ഷേ പാണക്കാട്ടു നിന്നടക്കം ശക്തമായി ഇടപെട്ടിട്ടും ഇകെയിലെ വിമത വിഭാഗം തരിമ്പും പിന്മാറിയില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it