malappuram local

വോട്ട് ഉണ്ടായിരുന്നെങ്കില്‍ പുഴകള്‍ സംരക്ഷിക്കപ്പെട്ടേനെ: നെടുമുടി വേണു

മലപ്പുറം: പുഴകള്‍ക്കു വോട്ട് ഉണ്ടായിരുന്നെങ്കില്‍ കേരളത്തിലെ പുഴകള്‍ സംരക്ഷിക്കപ്പെടുമായിരുന്നുവെന്നു സിനിമാനടന്‍ നെടുമുടി വേണു. തമ്പ്’ സിനിമയുടെ 40ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതപ്പുഴയെ ഓര്‍മിപ്പിച്ചെടുക്കാന്‍ പഴയകാല ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകള്‍ മാത്രമേയുള്ളൂ. ആ മണല്‍പ്പരപ്പോ, തെളിനീരോ ഇന്നില്ല. എല്ലായിടത്തും മണലെടുത്ത കുഴികളില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്- നെടുമുടി പറഞ്ഞു.
മണല്‍ വീട് നിര്‍മാണാവശ്യം തന്നെയാണ്. എന്നാല്‍ പുഴയും മണലും വിഷയം ആഗോള പ്രതിഭാസമാണെന്നു പറഞ്ഞു പ്രശ്‌നത്തെ പലരും ലഘൂകരിച്ചു കാണിക്കുകയാണെന്നു നടന്‍ വി കെ ശ്രീരാമന്‍ അഭിപ്രായപ്പെട്ടു.
തമ്പ്’ സിനിമ കഴിഞ്ഞിട്ട് നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞു. പലരും പലവഴിക്കും നീങ്ങി. എന്നാല്‍ സിനിമയിറങ്ങിയ 1977ലെ മകരമാസം ജീവിതത്തിന്റെ നാഴികക്കല്ലു പോലെയാണ്. മകരമഞ്ഞും നിലാവും ഇന്നും മനസ്സിലുണ്ട്. അതുകൊണ്ടാണു വീടിന് “തമ്പ്’ എന്നു പേരിട്ടത്- നെടുമുടി വേണു വ്യക്തമാക്കി. കാവാലവും അരവിന്ദനും എനിക്കു മാതാപിതാക്കളാണ്. എന്റെയും ജലജയുടെയും ആദ്യ സിനിമയും ഗോപിയുടെ രണ്ടാം സിനിമയുമായിരുന്നു അത്. 1977ലാണു “തമ്പ്’ സിനിമയുടെ ഷൂട്ടിങ് തിരുനാവായയില്‍ നടന്നത്. 1978ല്‍ റിലീസ് ചെയ്തു.
ജനറല്‍ പിക്‌ചേഴ്‌സിന് വേണ്ടി രവി നിര്‍മിച്ച ചിത്രത്തിന്റെ സംവിധായകന്‍ ജി അരവിന്ദനും  ഷാജി എന്‍ കരുണ്‍ കാമറാമാനുമായിരുന്നു.  “തമ്പ്’ മഹാസിനിമയുടെ ഓര്‍മയില്‍ 17നു വൈകീട്ട് അഞ്ചിനു കുറ്റിപ്പുറം ചെമ്പിക്കല്‍ നിളയോരത്ത് ഒത്തുചേരുമെന്നും ഇരുവരും പറഞ്ഞു.
കാവാലം ശ്രീകുമാറിന്റെ സംഗീതസദസ്സും സിനിമയുടെ പ്രദര്‍ശനവും ഉണ്ടാവും. വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ പ്രവര്‍ത്തകന്‍ കിളിയമണ്ണില്‍ ഫസല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it