palakkad local

വോട്ടെണ്ണല്‍ നാളെ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

പാലക്കാട്: രണ്ടുമാസത്തോളം നീണ്ട ചൂടേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ നടന്ന കനത്ത പോളിങിനു ശേഷം നാളെ വോട്ടെണ്ണലിന്റെ ആവേശത്തിലേക്ക്. നാളെ വോട്ടെണ്ണുന്നതിന് മുമ്പ് മുന്നണികളുടെ ജയപരാജയങ്ങളെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകളിലാണ് നാടും നഗരവും. വോട്ടെടുപ്പ് ജില്ലയില്‍ സമാധാനപരമായി അവസാനിച്ചെങ്കിലും നാളത്തെ വോട്ടെണ്ണല്‍ ദിനത്തിനായി കാത്തിരിക്കുകയാണ് മുന്നണി നേതാക്കളും വോട്ടര്‍മാരും.
വോട്ടെടുപ്പ് ദിവസം രാവിലെ ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നെങ്കില്‍ പോലും പോളിങ് ശതമാനം 79.11ലേക്ക് കുതിച്ചുയര്‍ന്നത് ആശ്വാസമായാണ് മുന്നണികള്‍ കാണുന്നത്. വര്‍ധിച്ച പോളിങ് നിരക്ക് തുണയ്ക്കുമെന്ന പ്രതീക്ഷയാണ് സ്ഥാനാര്‍ഥികള്‍ വച്ചുപുലര്‍ത്തുന്നത്. തമിഴ്‌നാട് അതിര്‍ത്തി മണ്ഡലങ്ങളായ ചിറ്റൂരിലും നെന്മാറയിലുമാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്.
എല്‍ഡിഎഫിനും യുഡിഎഫിനും പുറമെ മൂന്നാം മുന്നണിയായ എന്‍ഡിഎയുടെയും വാശിയേറിയ പ്രചാരണ പ്രവര്‍ത്തനം ജില്ലയിലെ പ്രധാന മല്‍സരം നടന്ന മണ്ഡലങ്ങളിലെ പോളിങ് കേന്ദ്രങ്ങളിലും പ്രകടമായി. ത്രികോണ മല്‍സരം നടന്ന ജില്ലാ ആസ്ഥാനത്ത് എന്തുസംഭവിക്കുമെന്ന് ആകാംക്ഷ കനക്കുകയാണ്.
വിഎസിന്റെ മലമ്പുഴയും വാശിയേറിയ പോരാട്ടം നടന്ന ചിറ്റൂര്‍, നെന്മാറ, പട്ടാമ്പി, കോങ്ങാട്, തൃത്താല, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലും കണക്കുകൂട്ടലുകള്‍ സജീവമാണ്. അഞ്ചു വര്‍ഷത്തെ ഭരണത്തിലൂടെ നിരവധി വികസന പ്രവര്‍ത്തനം കൊണ്ടുവന്നെന്ന് വിശ്വസിക്കുന്ന യുഡിഎഫ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പറയുമ്പോ ള്‍ അഴിമതി വിരുദ്ധ നിലപാടിലൂടെ ഇടതുതരംഗമുണ്ടാകുമെന്ന അഭിപ്രായത്തിലാണ് എല്‍ഡിഎഫ് നേതൃത്വം.
മൂന്നാംമുന്നണി ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ നി ര്‍ണ്ണായക ശക്തിയായി മാറുമെന്ന് ബിജെപി ബിഡിജെഎസ് സഖ്യമായ എന്‍ഡിഎ കണക്കുകൂട്ടുന്നു.
ജില്ലയില്‍ പാലക്കാട്, ശ്രീകൃഷ്ണപുരം, ആലത്തൂര്‍, ഒറ്റപ്പാലം എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ഒരു കേന്ദ്രത്തില്‍ മൂന്ന് മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
പാലക്കാട്, മലമ്പുഴ, ചിറ്റൂര്‍ എന്നിവിടങ്ങളിലെ വോട്ടെണ്ണ ല്‍ നടക്കുന്ന ഗവ. വിക്ടോറിയ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന പോളിങ് യന്ത്രങ്ങള്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഒമ്പത് മണിയോടെ ലീഡ് നിലയും പത്തോടെ മുന്‍തൂക്കവും അറിയാനാകും. ഉച്ചയ്ക്ക് മുമ്പുതന്നെ രാഷ്ട്രീയ കേരളത്തിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ചായ്‌വ് അറിയാനാകും.
Next Story

RELATED STORIES

Share it