Idukki local

വോട്ടെണ്ണല്‍ നടപടികള്‍ക്ക് അന്തിമരൂപമായി

ഇടുക്കി: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലമറിയാന്‍ രണ്ട് നാള്‍ ശേഷിക്കേ വോട്ടെണ്ണല്‍ നടപടികള്‍ക്ക് അന്തിമരൂപമായി. വോട്ടെണ്ണുന്നതിനായി ഓരോ കൗണ്ടിങ് ടേബിളിലും ഒരു സൂപ്പര്‍വൈസറും, രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാരുമുണ്ടാവും. മുനിസിപ്പാലിറ്റിയിലേക്കുള്ള വോട്ടെണ്ണലിന് ഒരു ടേബിളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റുമുണ്ടാവും. വോട്ടിങ് മെഷീനുകള്‍ കൗണ്ടിങ് ടേബിളില്‍ കൊണ്ടുവരുന്നത് വാര്‍ഡുകളുടെ ക്രമത്തിലാണ്.
ആദ്യത്തെ പത്ത് വാര്‍ഡുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് അത് ഫോറം 24 എയില്‍ രേഖപ്പെടുത്തി കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഒപ്പ് വച്ചതിന് ശേഷം 11 മുതലുള്ള വാര്‍ഡുകളുടെ വോട്ടിങ് മെഷീനുകള്‍ കൗണ്ടിങ് ടേബിളില്‍ കൊണ്ട് വരും. കൗണ്ടിങ്ങിന്റെ ആവശ്യത്തിലേക്കായി വോട്ടിങ് മെഷീന്റെ കണ്‍ട്രോള്‍ യൂനിറ്റ് മാത്രമാണ് കൗണ്ടിങ് ടേബിളിലേക്ക് കൊണ്ടുവരുന്നത്.
ഒരു ഗ്രാമപ്പഞ്ചായത്ത് അല്ലെങ്കില്‍ മുന്‍സിപ്പാലിറ്റി തുടങ്ങിയവയുടെ വാര്‍ഡില്‍ ഒന്നില്‍ കൂടുതല്‍ പോളിങ് സ്റ്റേഷനുകളുണ്ടെങ്കില്‍ ആ വാര്‍ഡിലെ എല്ലാ വോട്ടിങ് മെഷീനുകളും ഒന്നിച്ചാണ് എണ്ണുന്നത.് വോട്ടിങ് മെഷീനില്‍ പോളിങ് സ്റ്റേഷനില്‍ വച്ച് പ്രിസൈഡിങ് ഓഫിസര്‍മാര്‍ ചെയ്ത സീല്‍ കൗണ്ടിങ് ഏജന്റുമാരുടെ മുമ്പില്‍ വച്ച് തുറക്കും. വോട്ടിങ് മെഷീനുകളില്‍ സീല്‍ ചെയ്തിട്ടുള്ള ടാഗുകളില്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ നമ്പറില്‍ തന്നെയാണോ പ്രിസൈഡിങ് ഓഫിസര്‍ ഫോറം 24 എയില്‍ രേഖപ്പെടുത്തിയതെന്ന് പരിശോധിക്കും. കണ്‍ട്രോള്‍ യൂനിറ്റിനെ ചുറ്റി സീല്‍ ചെയ്തിരിക്കുന്ന സ്ട്രിപ്പില്‍ പ്രിസൈഡിങ് ഓഫിസറുടെ ഒപ്പും പോളിങ് ഏജന്റിന്റെ ഒപ്പുമുണ്ടാകും. അതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുദ്രയുമുണ്ടാകും. സ്ട്രിപ്പ് സീലും റിസല്‍ട്ട് സെക്ഷനിലെ സീലും മാറ്റിയ ശേഷം റിസള്‍ട്ട് സെക്ഷനിലെ വെളിയിലെ കംപാര്‍ട്ട്‌മെന്റ് തുറക്കും. റിസള്‍ട്ട് സെക്ഷന്‍ തുറക്കുമ്പോള്‍ ക്ലോസ് ബട്ടണിന് മുകളിലായി ഒരു സ്‌പെഷ്യല്‍ ടാഗ് കാണാം. അതിന് പ്രത്യേക നമ്പരും പ്രിസൈഡിങ് ഓഫിസറുടെ ഒപ്പുമുണ്ടാകും. വോട്ടെണ്ണുമ്പോള്‍ കൗണ്ടിങ് ഏജന്റുമാര്‍ ഫലം കാണത്തക്കവിധം കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്‌പ്ലേ പാനല്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും ഓരോര്‍ത്തര്‍ക്കും ലഭിച്ച വോട്ടുകള്‍ ഉറക്കെ പറയുകയും വേണം. സംശയമുള്ള സാഹചര്യത്തില്‍ റിസള്‍ട്ട് ബട്ടണ്‍ വീണ്ടും അമര്‍ത്തി ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകള്‍ വീണ്ടും പരിശോധിക്കാന്‍ അവസരം നല്‍കും.
വോട്ടെണ്ണുന്നതിന്റെ ഭാഗമായി വോട്ടിങ് മെഷീന്റെ കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനും ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകള്‍ എത്രയാണെന്ന് നിരീക്ഷിക്കാനും രേഖപ്പെടുത്താനും സ്ഥാനാര്‍ഥിക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും പൂര്‍ണ അവകാശമുണ്ട്. ആരെങ്കിലും ആക്ഷേപമുന്നയിച്ചാല്‍ അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. എന്നാല്‍ ആരെയും വോട്ടിങ് മെഷീനുകള്‍ കൈകാര്യം ചെയ്യുവാനനുവദിക്കില്ല. കൗണ്ടിങ് ഹാളില്‍ കൃത്യമായി അച്ചടക്കം പാലിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it