Districts

വോട്ടെണ്ണല്‍ ദിവസം കനത്ത സുരക്ഷ: അക്രമമുണ്ടായാല്‍ കണ്ണൂരില്‍ യുഎപിഎ ചുമത്താന്‍ നീക്കം

കണ്ണൂര്‍: പോളിങിനു ശേഷം സംഘര്‍ഷം നടന്ന കണ്ണൂര്‍ ജില്ലയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ അക്രമമുണ്ടായാല്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ പോലിസ് നീക്കം. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു തളിപ്പറമ്പ് ഏഴാംമൈലില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ ലീഗ് പ്രാദേശിക നേതാവ് കെ വി എം കുഞ്ഞി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലും അക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നു പോലിസ് വിലയിരുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മേഖലയില്‍ പോലിസ് നടപടികള്‍ ശക്തമാക്കുന്നതിന്റെ മറവിലാണ് യുഎപിഎ ചുമത്താന്‍ ശ്രമിക്കുന്നത്.
നേരത്തേ ജില്ലയില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ യുഎപിഎ ചുമത്തിയത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളും മറ്റും നടത്തിയാല്‍ പ്രയോഗിക്കാനെന്ന പേരില്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് അന്നു തന്നെ വിവിധ മനുഷ്യാവകാശ-സാമൂഹിക സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് മൂവാറ്റുപുഴയില്‍ പ്രവാചക നിന്ദയുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയത്. ഇതിനു പുറമെ നാറാത്ത് കേസ്, കതിരൂര്‍ മനോജ് വധം, കൂത്തുപറമ്പ് ഒണിയന്‍ പ്രേമന്‍ വധം, മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസ് തുടങ്ങിയവയില്‍ യുഎപിഎ ചുമത്തപ്പെട്ടതോടെ സിപിഎം, ലീഗ്, സിപിഐ, ബിജെപി തുടങ്ങിയ സംഘടനകള്‍ വരെ യുഎപിഎയ്‌ക്കെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു.
മനോജ് വധക്കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തപ്പെട്ടതോടെ സിപിഎമ്മും ഇടതുനിയന്ത്രണത്തിലുള്ള അഭിഭാഷക സംഘടനകളും ഇതിനെതിരേ കാംപയിനുകളുമായി രംഗത്തെത്തി. ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുയരുമ്പോഴാണ് കണ്ണൂരില്‍ വോട്ടെണ്ണല്‍ ദിനത്തിലെ അക്രമങ്ങളില്‍ യുഎപിഎ ചുമത്താന്‍ പോലിസ് ആലോചിക്കുന്നത്.
അക്രമം നടത്തുകയും പൊതുജനങ്ങള്‍ക്കു ഭീതിയുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണു നീക്കം നടക്കുന്നത്.
Next Story

RELATED STORIES

Share it