ernakulam local

വോട്ടെണ്ണല്‍ ഇന്ന്; വൈപ്പിനില്‍ വന്‍ പോലിസ് സന്നാഹം

വൈപ്പിന്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാനും ജയപരാജയങ്ങളുടെ പേരില്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാനും ഇന്ന് വൈപ്പിനില്‍ വന്‍ പോലിസ് സന്നാഹങ്ങള്‍ ഒരുക്കിയതായി ഞാറക്കല്‍ സിഐ സി ആര്‍ രാജു അറിയിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലമറിഞ്ഞ ദിവസം രാത്രി ചെറായിയിലെ വായനശാലയും സിപിഎം പാര്‍ട്ടി ഓഫിസും അഗ്നിക്കിരയായിരുന്നു.
ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണം അവസാനിച്ച ദിവസം രാത്രി ചെറായി ദേവസ്വം നടയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസ് കത്തിനശിച്ച സംഭവവുമുണ്ടായി. പോളിങ് അവസാനിച്ച ദിവസം എടവനക്കാട് യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ സംഘട്ടനമുണ്ടായ സാഹചര്യവും കണക്കിലെടുത്താണ് പോലിസ് കടുത്ത സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതത്രേ.
ഇതനുസരിച്ച് രാവിലെ ഏഴുമുതല്‍ ഗോശ്രീ കവല, വൈപ്പിന്‍ ബസ്റ്റാന്റ്, ഞാറക്കല്‍, എടവനക്കാട്, ചെറായി ദേവസ്വം നട, പള്ളിപ്പുറം മാണിബസാര്‍ എന്നിവിടങ്ങളില്‍ പോലിസിന്റെ ശക്തമായ പിക്കറ്റ് ഉണ്ടാവും. കൂടാതെ മൊബൈല്‍ പട്രോളിങ് വേറെയും ഉണ്ട്. പള്ളിപ്പുറം, മുനമ്പം, ചെറായി, എടവനക്കാട് മേഖലകളില്‍ രാത്രിയില്‍ ഹൈവേ പട്രോളിങ് കൂടാതെ ഉള്‍പ്രദേശങ്ങളിലേക്ക് പ്രത്യേക പട്രോളിങിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായും സിഐ അറിയിച്ചു. വടക്കന്‍ മേഖലയില്‍ മുനമ്പം എസ്‌ഐ ജി അരുണും, തെക്കന്‍ മേഖലയില്‍ ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാറും നേതൃത്വം നല്‍കും.
Next Story

RELATED STORIES

Share it