palakkad local

വോട്ടെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു; ഇത്തവണയും ദുരിതം പേറി ജീവനക്കാര്‍

പാലക്കാട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടെടുപ്പ് സാധന സാമഗ്രികള്‍ വിതരണം ചെയ്തു. എല്ലാ തവണത്തേതിലും അധികഭാരവും പേറി ജീവനക്കാര്‍ രാവിലെ മുതല്‍ തന്നെ കനത്ത വെയിലത്ത് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുപോകുന്ന കാഴ്ച കാണാമായിരുന്നു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്കും ഏഴ് നഗരസഭകളിലേക്കുമായി 2973 ബൂത്തിലേക്കുള്ള വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം 20 കേന്ദ്രങ്ങളിലായി പൂര്‍ത്തിയാക്കിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ വരണാധികാരിയും കാണാതെപോയതും അതാണ്.
ഒരു കണ്‍ട്രോള്‍ യൂനിറ്റും മൂന്ന് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനും മെഴുകുതിരി, അരക്ക് തുടങ്ങിയ അനുബന്ധ സാമഗ്രികളുടെയും വിതരണമാണ് നടന്നത്. പ്രിസൈഡിങ് ഓഫിസര്‍മാരുടെ നേത്യത്വത്തിലുള്ള ജീവനക്കാര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. ഒരു പ്രിസൈഡിങ് ഓഫിസര്‍, രണ്ട് പോളിങ് ഓഫിസര്‍ ഒരു അസിസ്റ്റന്റ് എന്ന ക്രമത്തില്‍ നാല് പോളിങ് ഓഫിസര്‍മാരാണ് ഓരോ ബൂത്തിലും ഉണ്ടാവുക.
പുറമെ ഏറ്റവും കുറഞ്ഞത് രണ്ടു പോലിസ് ഉദ്യോഗസ്ഥരുണ്ടാവും. വൈകീട്ടോടെ സര്‍ക്കാരിന്റെയും വാടകയ്‌ക്കെടുത്തതുമായ 100ഓളം വാഹനങ്ങളില്‍ ജീവനക്കാരെ അതത് പോളിങ് സ്റ്റേഷനുകളില്‍ എത്തിച്ചു.
വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടായാല്‍ അടിയന്തിരമായി പുതിയ യന്ത്രം വരുത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയതായും ബൂത്തുകളില്‍ ശുദ്ധജലവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
Next Story

RELATED STORIES

Share it