Idukki local

വോട്ടെടുപ്പില്‍ ആള്‍മാറാട്ടംനടത്തിയാല്‍ കര്‍ശന നടപടി

ഇടുക്കി: വോട്ടെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഒരു പ്രത്യേക സമ്മതിദായകനാണെന്ന് അവകാശപ്പെടുന്ന ആളിന്റെ നിജസ്ഥിതിയെപ്പറ്റി ഏതെങ്കിലും പോളിങ് ഏജന്റ് നിശ്ചിത ഫീസ് അടച്ച് തര്‍ക്കമുന്നയിക്കുന്ന സംഗതിയില്‍ പ്രിസൈഡിംഗ് ഓഫിസര്‍ തര്‍ക്കം സംബന്ധിച്ച് അന്വേഷണം നടത്തും.
തെളിയിക്കപ്പെടുന്ന പക്ഷം തര്‍ക്കത്തിന് വിധേയനായ ആളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുകയും ആള്‍മാറാട്ടം നടത്തിയതിന് അറസ്റ്റുമുണ്ടാകും. പോളിങ് സ്റ്റേഷനില്‍ ആള്‍മാറാട്ടം നടത്തുന്നതിനുള്ള ശ്രമം ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫിസര്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുതെന്ന് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ഒരു സമ്മതിദായകന്‍ പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ അയാള്‍ പ്രിസൈഡിംഗ് ഓഫിസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ പോളിംഗ് ഓഫിസറുടെയോ മുമ്പാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയോ കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പോ ഹാജരാക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തിയ്യതിക്ക് ആറ് മാസം മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ രേഖകളായി സമ്മതിദായകന് ഹാജരാക്കാം.
Next Story

RELATED STORIES

Share it