kozhikode local

വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തില്‍

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യക്ഷമവും സുതാര്യവുമായ നടത്തിപ്പിനായുള്ള ജില്ലാഭരണകൂടത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. മാര്‍ച്ച് നാലിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തയ്യാറെടുപ്പുകളാണ് അതിന്റെ അവസാഘട്ടത്തിലെത്തി നില്‍ക്കുന്നത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന മിനുക്കുപണികളിലാണ് ജില്ലാഭരണകൂടം.65 മാതൃകാ പോളിങ് സ്റ്റേഷനുകള്‍, 15 വനിതാ സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ 1886 ബൂത്തുകളാണ് ജില്ലയിലെ 13 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെയുള്ള സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സൗകര്യം പരിഗണിച്ച് റാംപ് അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ നേരത്തേ ഏര്‍പ്പെടുത്തിയിരുന്നു. വേനല്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വോട്ടെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഇന്നലത്തോടെ പൂര്‍ത്തിയായി. മറ്റ് പോളിംഗ് സാമഗ്രികള്‍ ജില്ലയിലെ 13 വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ ഇന്നെത്തിക്കും. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിക്കുന്നതിനുള്ള 171 വി.വി.പി.എ.ടി വോട്ടിംഗ് യന്ത്രങ്ങളുള്‍പ്പെടെ 2622 മെഷീനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമിതരായ പതിനായിരത്തിലേറെ പോളിംഗ് ഉദ്യോഗസ്ഥര്‍ രണ്ട് ഘട്ടങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതിനു പുറമെ പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കപ്പെട്ടവയിലേക്കുള്ള സൂക്ഷ്മനിരീക്ഷകര്‍ക്കും വനിതാ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള ഉദ്യോഗസ്ഥകള്‍ക്കും പ്രത്യേക പരിശീലനവും നല്‍കി. പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിന് വിപുലമായ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടം നടത്തിയിട്ടുണ്ട്. ജില്ലയിലെ ഏക കേന്ദ്രീകൃത വോട്ടെണ്ണല്‍ കേന്ദ്രമായ ജെഡിടിയില്‍ ഇതിനുള്ള സംവിധാനങ്ങളും പൂര്‍ത്തിയായി വരികയാണ്.
സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിന് സംസ്ഥാന പോലിസിന്റെ വിവിധ വിഭാഗങ്ങള്‍ക്കു പുറമെ സംസ്ഥാനത്തിനു പുറത്തുനിന്ന് ഒന്‍പത് കമ്പനി സിആര്‍പിഎഫിനെയും ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ മുഴുവന്‍ ഇവരുടെ സാന്നിധ്യമുണ്ടാവും.
400ലേറെ വരുന്ന പ്രശ്‌നബാധിത ബൂത്തുകളിലെ നിരീക്ഷണം ശക്തമാക്കാന്‍ ലൈവ് വെബ്കാസ്റ്റിംഗിനുള്ള ഒരുക്കങ്ങളും ഏറെക്കുറെ പൂര്‍ത്തിയായി. അവയുടെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. വിതരണ കേന്ദ്രങ്ങളിലൊരുക്കിയ വെബ്കാസ്റ്റിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം ഇന്നലെ വിജയകരമായി പരീക്ഷിച്ചു. വെബ്കാസ്റ്റിംഗിന്റെ ഭാഗമായി കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.78,432 കന്നിവോട്ടര്‍മാരും 6,913 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 23,59,731 സമ്മതിദായകരാണ് ജില്ലയിലുള്ളത്. ഇവര്‍ക്ക് വോട്ടര്‍ സ്ലിപ് എത്തിക്കുന്നതിനുള്ള സമയം ഇലക്ഷന്‍ കമ്മീഷന്‍ ഇന്നലെ വരെ നീട്ടി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള വിതരണം ഏറെക്കുറെ പൂര്‍ത്തീകരിക്കാനായി.ജനങ്ങളില്‍ വോട്ട് ചെയ്യുന്നതിനുള്ള താല്‍പര്യമുണര്‍ത്തുന്നതിന് കേന്ദ്രതിര—ഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌ക്കരിച്ച സ്വീപ് പദ്ധതിയുടെ ഭാഗമായി ആദിവാസി കോളനികള്‍, തീരപ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലുള്‍പ്പെടെ വ്യത്യസ്തമായ പ്രചാരണ പരിപാടികള്‍ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരുന്നു. പ്രാദേശിക കലാകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരസ്യവീഡിയോകളിലൂടെയും വോട്ടുകള്‍ പാഴാക്കരുതെന്ന സന്ദേശം ജനങ്ങളിലെത്തിച്ചിരുന്നു.
തിര—ഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം, പെരുമാറ്റച്ചട്ട ലംഘനങ്ങള്‍, സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, പരസ്യങ്ങള്‍ തുടങ്ങിയവയുടെ നിരീക്ഷണത്തിനും ശക്തമായ സംവിധാനങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. തിര—ഞ്ഞെടുപ്പുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ നിഷ്പക്ഷവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it