Kottayam Local

വോട്ടെടുപ്പിനിടെ അജേഷിന്റെ താലികെട്ട്; ജനവിധി നാളെ

മുണ്ടക്കയം: വോട്ടെടുപ്പു ദിവസം യുഡിഎഫ് സ്ഥാനാര്‍ഥിയായ അജേഷിനു താലികെട്ട്. വടശേരിക്കര ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുമ്പളത്താമണ്ണില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അജേഷ് മണപ്പാട്ടിന് ഇന്നലെ ഭാഗ്യപരീക്ഷണത്തിന്റെ ദിനവും പുതുജീവിതത്തിലേക്കു കടക്കുന്ന ദിനം കൂടിയായിരുന്നു. വടശേരിക്കര മണപ്പാട്ട് വീട്ടില്‍ സോമന്റെയും രാധാമണിയുടെയും മകനായ അജേഷ് താളുങ്കല്‍ അമലു ഭവനില്‍ ഗണേശന്റെയും ഉഷയുടെയും മകളായ അമലുവിനെയാണു വിവാഹം കഴിച്ചത്.
മുണ്ടക്കയം സിഎസ്‌ഐ പാരിഷ് ഹാളിലായിരുന്നു വിവാഹം. തിരഞ്ഞെടുപ്പിനു മല്‍സരിക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് വിവാഹം ഉറപ്പിച്ചു തിയ്യതി നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണു യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കണമെന്ന അവശ്യം പാര്‍ട്ടി മുന്നോട്ടു വച്ചത്. വിവാഹം ദിവസം തന്നെ തിരഞ്ഞെടുപ്പു തിയ്യതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത് ആദ്യമൊന്ന് അമ്പരപ്പിച്ചെങ്കിലും പ്രചാരണത്തിനു തടസ്സമെന്നും വരുത്തിയില്ലെന്ന് അജേഷ് തേജസിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പു പ്രചാരണത്തിനു തന്റെ സഹധര്‍മ്മിണി അമലു തനിക്ക് തണലേകിയെന്നും അജേഷ് പറഞ്ഞു.
വടശേരിക്കര പഞ്ചായത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കു മുന്‍ഗണ നല്‍കിയതോടെ എല്‍ഡിഎഫിന്റെ കുത്തക വാര്‍ഡായ മണപ്പാട്ട് അജേഷിലൂടെ തിരിച്ചു പിടിക്കാമെന്നാണു യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസം. മണപ്പാട്ട് രണ്ടാം നമ്പര്‍ അങ്കണവാടി ബൂത്തില്‍ വോട്ട് ചെയ്തു പ്രവര്‍ത്തകരോടൊപ്പം അല്‍പ്പ സമയം ചെലവഴിച്ചാണ് മുണ്ടക്കയത്തേക്ക് മടങ്ങിയത്. രാവിലെ 7.30ന് അമലു താളുങ്കല്‍ രണ്ടാം നമ്പര്‍ അങ്കണവാടി ബൂത്തിലും വോട്ട് ചെയ്തു.
Next Story

RELATED STORIES

Share it