thrissur local

വോട്ടുവണ്ടി കുന്നംകുളത്ത് പര്യടനം പൂര്‍ത്തിയാക്കി

കുന്നംകുളം: ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും സമ്പുഷ്ടമാക്കുന്നതിനും മൗലികാവകാശമായ ലഭിച്ച വോട്ടവകാശം കൃത്യമായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശവുമായെത്തിയ വോട്ടുവണ്ടി ബോധവല്‍ക്കരണ പ്രയാണം കുന്നംകുളം നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ജനശ്രദ്ധ പിടിച്ചുപറ്റി.
അക്കിക്കാവ് റോയല്‍ എഞ്ചിനീയറിങ് കേളജ്, പെരുമ്പിലാവ് സെന്റര്‍, കുന്നംകുളം സെന്റര്‍, കാട്ടകാമ്പാല്‍ ചിറയ്ക്കല്‍ പരിസരം, വെള്ളറക്കാട് തേജസ് എന്‍ജിനീയറിങ് കോളജ്, തലക്കോട്ടുകര വിദ്യ എന്‍ജിനീയറിങ് കോളജ്, എരുമപ്പെട്ടി സെന്റര്‍ എന്നിവിടങ്ങളിലാണ് വോട്ടുവണ്ടി പ്രയാണം നടത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പരിപാടിയുടെ ഭാഗമായാണ് വോട്ടുവണ്ടി സജ്ജീകരിച്ചിട്ടുളളത്. വോട്ട് ചെയ്ത് നോക്കുന്നതിനായി 5 ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളാണ് വണ്ടിയില്‍ സജ്ജീകരിച്ചിട്ടുളളത്.
ഇത് കൂടാതെ, വോട്ടവകാശം മാതൃരാജ്യത്തോടുളള പൗരന്റെ കര്‍ത്തവ്യമാണെന്ന് വ്യക്തമാക്കുന്ന 10 ലധികം ആകര്‍ഷകങ്ങളായ കാര്‍ട്ടൂണുകളും വണ്ടിയില്‍ പ്രദര്‍ശിപ്പിച്ചു. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെയാണ് ഇംഗ്ലീഷിലും മലയാളത്തിലും കാര്‍ട്ടുണുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
കുന്നംകുളം നിയോജക മണ്ഡലത്തിലെ കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കേളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ബി ഷാന്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നിയോജക മണ്ഡലം റിട്ടേണിങ് ഓഫിസര്‍ സി പി ജോസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ കെ ഗംഗാധരന്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ജി സുരേഷ്‌കുമാര്‍, മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. വോട്ടുവണ്ടി ഇന്നു ചേലക്കര നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും.
Next Story

RELATED STORIES

Share it