wayanad local

വോട്ടുപിടിത്തം: പുല്‍പ്പാറയിലും കല്ലോടിയിലും വള്ളിയൂര്‍ക്കാവിലും സംഘര്‍ഷം

മാനന്തവാടി: എടവക പഞ്ചായത്തിലെ കല്ലോടിയിലും മാനന്തവാടി മുനിസിപ്പിലാറ്റിയിലെ വള്ളിയൂര്‍ക്കാവിലും ഇരുമുന്നണി പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റവും കൈയാങ്കളിയും നടന്നു. രാവിലെ 12 മണിയോടെയായിരുന്നു എടവക പഞ്ചായത്തിലെ കല്ലോടി എയുപി സ്‌കൂളിലെ ബൂത്തിന് മുമ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.
മറ്റുവാര്‍ഡുകളില്‍ നിന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കാനായി 17ാം വാര്‍ഡായ കല്ലോടിയിലെത്തിയെന്നാരോപിച്ചായിരുന്നു വാക്കേറ്റമുണ്ടായത്.

പിന്നീട് ഇത് ഉന്തിലും തള്ളിലും കലാശിച്ചു. മുതിര്‍ന്ന പ്രവര്‍ത്തകരെത്തിയാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് സ്‌കൂളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചതായി ആരോപിച്ചാണ് ഇരുവിഭാഗങ്ങള്‍ തമ്മിലും വാക്കേറ്റമുണ്ടായത്. രണ്ടിടങ്ങളിലും പിന്നീട് ശക്തമായ പോലിസ് കാവലേര്‍പ്പെടുത്തി പ്രവര്‍ത്തകരെ പിരിച്ചുവിടുകയായിരുന്നു.കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ പുല്‍പ്പാറ എസ്‌റ്റേറ്റ് പാടി പരിസരത്ത് വോട്ടു പിടുത്തവുമായി ബന്ധപ്പെട്ട് പോളിങ് തലേന്ന് അര്‍ധരാത്രി സംഘര്‍ഷം. പോലിസ് സ്ഥലത്തെത്തി ലാത്തിവീശി. ഇരുളില്‍ ചിതറി ഓടുന്നതിനിടെ  വീണും മറ്റും  പൂല്‍പാറ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഷബീര്‍ അലിയുടെ പ്രവര്‍ത്തകരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
യുഡിഎഫുകാര്‍ പാടികളില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് ഷബീര്‍ അലിയുടെ ആളുകള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. വിവരം അറിഞ്ഞ് കല്‍പ്പറ്റ എസ്‌ഐ വി കെ രാമനുണ്ണിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലിസാണ്  ലാത്തിവീശിയത്.

ഷബീര്‍ അലിയുടെ പ്രവര്‍ത്തകരില്‍ പിപിഷൈജല്‍, പുല്‍പാറ സ്വദേശികളായ മുനാസ്, റിനൂപ്, മുനീര്‍, ഉബൈദ് എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ ഇന്നലെ രാവിലെ ചികില്‍സ നേടി. എസ്‌റ്റേറ്റ് പാടികളില്‍ കയറി പണം നല്‍കുന്നത്  തടയുകമാത്രം ചെയ്ത തങ്ങള്‍ക്കു നേരേ ഒരു പ്രകോപനം ഇല്ലാതെ പോലിസ് ലാത്തിവീശുകയാണുണ്ടായതെന്ന് ഷൈജല്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിനു യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനും അകാരണമായി ലാത്തിവീശി പരിഭാന്ത്രി സൃഷ്ടിച്ച പോലിസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കുമെന്നും പരിക്കേറ്റവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it