വോട്ടുചോര്‍ച്ച പരിശോധിക്കും: ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി പി സജീന്ദ്രന് ഒരുവോട്ട് കുറഞ്ഞതു ഗൗരവമായി കാണുന്നതായും ഇക്കാര്യം പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി.
എംഎല്‍എമാര്‍ക്കെല്ലാം താന്‍ നേരിട്ട് വിപ്പ് നല്‍കിയിരുന്നു.വോട്ട് കുറഞ്ഞത് മനപ്പൂര്‍വമാവാന്‍ വഴിയില്ല. പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളതിനാല്‍ പരിചയക്കുറവിലെ അപാകതയാവാമെന്നും അദ്ദേഹം പറഞ്ഞു. ഒ രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് നല്‍കിയതോടെ സിപിഎം-ബിജെപി കൂട്ടുകെട്ട് കൂടുതല്‍ വ്യക്തമായതായി ചെന്നിത്തല കുറ്റപ്പെടുത്തി. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന്റെയും പി സി ജോര്‍ജിന്റെയും വോട്ട് വേണ്ടെന്നു താന്‍ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിച്ചു ജയിച്ചയാളാണ് ജോര്‍ജ്. ജോര്‍ജുമായി ഒരുതരത്തിലുള്ള ബന്ധങ്ങളും പാടില്ലെന്നാണ് യുഡിഎഫ് തീരുമാനമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഒരു വോട്ട് ചോര്‍ന്നതിലൂടെ യുഡിഎഫിന്റെ തകര്‍ച്ചയാണു പ്രകടമാവുന്നതെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. ഇരു മുന്നണികളുടെയും പിന്തുണയില്ലാതെ ജയിച്ചുവന്നതിനാല്‍ ഒരു കക്ഷിയുടെയും ഭാഗമാവരുതെന്നു കരുതിയാണ് വോട്ട് ചെയ്യാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്തത് എല്‍ഡിഎഫിനാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ വെളിപ്പെടുത്തി. ബിജെപിയുടെ വോട്ട് വേണ്ടെന്നു പ്രതിപക്ഷനേതാവ് പരസ്യമായി പറഞ്ഞ സാഹചര്യത്തിലാണിത്. ഇതേക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടില്ല.
അതേസമയം, രാജഗോപാലിന്റെ നിലപാട് മനസ്സാക്ഷിക്ക് അനുസരിച്ചുള്ളതാണെന്നും ഇതില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും ബിജെപി വക്താവ് പത്മകുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it