kozhikode local

വോട്ടുചോര്‍ച്ച; നൊച്ചാട്ട് സിപിഎമ്മില്‍ അസ്വാരസ്യം

പേരാമ്പ്ര: നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡില്‍ സിപിഎമ്മിലെ വോട്ടുചോര്‍ച്ച വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ ടി പി രാമകൃഷ്ണന്‍, ഭാര്യ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവ് എം കെ നളിനി, അധ്യാപകസംഘടനാ നേതാക്കള്‍, ലോക്കല്‍ കമ്മിറ്റിഭാരവാഹികള്‍, ഏരിയാ കമ്മിറ്റിയംഗം ഉള്‍പ്പെടുന്ന വാര്‍ഡില്‍ ഇത്തവണ 418 വോട്ടിന്റെ ഭൂരിപക്ഷമാണ് പാര്‍ട്ടി പ്രതീക്ഷിച്ചത്. എന്നാല്‍ സിപിഎം സ്ഥാനാര്‍ഥി ഇവിടെ 14 വോട്ടിനാണ് ജയിച്ചത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ സിപിഎം നേതാക്കളെ വിയര്‍പ്പിച്ച ഫലമാണ് വന്നത്. കഴിഞ്ഞ തവണ എടവന സുരേന്ദ്രന്‍, സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് 288 വോട്ടിന് ജയിച്ചത്. എന്നാല്‍ വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താതെ വോട്ടര്‍മാരുടേയും പ്രദേശവാസികളുടേയും വിഷയങ്ങളില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതുമാണ് കടുത്ത മല്‍സരത്തിലേക്ക് മാറിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ വിജയിക്കുമെന്ന അഭ്യൂഹം പരന്നതോടെ ഉറക്കമൊഴിഞ്ഞ് സിപിഎം നേതാക്കള്‍ ഇവിടെ കേന്ദ്രീകരിച്ചു.
വിഭാഗീയത കാരണം സിപിഎമ്മിനകത്ത് കടുത്ത പ്രതിഷേധമുയരുന്ന വെള്ളിയൂരിലെ വാര്‍ഡാണിത്. പഞ്ചായത്ത് ഭരണസമിതിയില്‍ ഉണ്ടായ പടലപ്പിണക്കവും ഇവിടെ പ്രതിഫലിച്ചിരുന്നു. ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന മുന്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍ സി കെ അജീഷിനെതിരെ പാര്‍ട്ടി നടപടി ഉണ്ടായപ്പോള്‍ ഏറെ പ്രതിഷേധമുയരുന്ന വാര്‍ഡും ഇതായിരുന്നു.
ഇതൊക്കെയാണെങ്കിലും 418 വോട്ടിന്റെ ഭൂരിപക്ഷമുള്ളവാര്‍ഡില്‍ നിഷ്പ്രയാസം ജയിച്ചുകയറാമെന്ന വ്യാമോഹത്തിന് മങ്ങലേല്‍പ്പിക്കാന്‍ യുഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു. പ്രചാരണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഒന്നാംഘട്ടത്തില്‍ ഏറെ മുമ്പന്തിയില്‍ എത്തിയ യുഡിഎഫ് നീക്കത്തില്‍ വിറച്ചുപോയ എല്‍ഡിഎഫ് അവസാനഘട്ടത്തില്‍ അടവുമാറ്റിയാണ് രക്ഷപ്പെട്ടത്.
Next Story

RELATED STORIES

Share it