Pathanamthitta local

വോട്ടിന്റെ വിവരം ട്രെന്‍ഡിലറിയാം

പത്തനംതിട്ട: ഒരു ബൂത്തില്‍ എത്ര പേര്‍ വോട്ടു ചെയ്തു? ജില്ലയിലെ പോളിങ് ശതമാനം എത്ര? ഒരു സ്ഥാനാര്‍ഥിക്ക് എത്ര വോട്ടു ലഭിച്ചു? ലീഡ് നില എത്ര? തുടങ്ങി വോട്ടിങ് വിവരങ്ങളെല്ലാം തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ അനുനിമിഷം അറിയാനുള്ള സംവിധാനം നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ഒരുക്കിക്കഴിഞ്ഞു. പോളിങ് ദിവസത്തെയും വോട്ടെണ്ണല്‍ ദിവസത്തെയും വിവരങ്ങള്‍ ട്രെന്‍ഡ് എന്നു പേരിട്ടിരിക്കുന്ന സോഫ്റ്റ്‌വെയറിലൂടെയാണ് ലഭ്യമാക്കുന്നത്.
ട്രെന്‍ഡില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ പരിശീലനം കഴിഞ്ഞ ദിവസം നടന്നു. ജില്ലയിലെ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഡാറ്റാ എന്‍ട്രിക്ക് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അഞ്ച് ജീവനക്കാര്‍ വീതമാണുണ്ടാവുക. രണ്ട് സ്റ്റാന്‍ഡ്‌ബൈ ഉള്‍പ്പടെ ആറു കംപ്യൂട്ടറുകളുണ്ടാവും. നഗരസഭയിലെ വോട്ടെണ്ണുന്ന കേന്ദ്രത്തില്‍ നാല് കംപ്യൂട്ടറുകളാണുണ്ടാവുക.
വിവരങ്ങള്‍ അപ്പപ്പോള്‍ ഡാറ്റാ എന്‍ട്രി വിഭാഗത്തിന് എത്തിക്കാന്‍ ഒരു പഞ്ചായത്തിന് ഒരാളെന്ന നിലയില്‍ പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്‍ ആണ് നെറ്റ്കണക്ഷന്‍ ലഭ്യമാക്കുന്നത്. കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെചുമലത കെല്‍ട്രോണിനാണ്.
ജില്ലയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് എന്‍.ഐ.സിയും. ജില്ലയിലെ വോട്ടിങ് ട്രെന്‍ഡുകള്‍ക്ക് പുറമെ മറ്റു ജില്ലകളുടെ വിവരങ്ങളും ട്രെന്‍ഡിലൂടെ അറിയാം. ഓരോ 20 സെക്കന്‍ഡിലും പുതിയ വിവരങ്ങള്‍ ലഭിക്കും. ഓരോ വാര്‍ഡിലെയും വോട്ടര്‍മാരുടെ എണ്ണവും സ്ഥാനാര്‍ഥികളുടെ പേരും സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
വോട്ടെടുപ്പ് ദിവസം ഓരോ സ്ഥലത്തെയും വോട്ടിങ് ശരാശരി ഇതില്‍ രേഖപ്പെടുത്തും. പോളിങ് കേന്ദ്രത്തിന്റെ കോഡ് ട്രെന്‍ഡില്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ സ്ഥാനാര്‍ഥികളുടെ പേരും മറ്റു വിവരങ്ങളും ലഭിക്കും. ട്രെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മൂന്ന് നിറത്തിലുള്ള ഫോമുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ജിജി ജോര്‍ജ്, അഡീഷനല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ആലീസ് ആന്‍ഡ്രൂസ് കോട്ടിരി എന്നിവരുടെ നേതൃത്വത്തിലാണ് പത്തനംതിട്ടയില്‍ പ്രവര്‍ത്തനം നടക്കുന്നത്. വോട്ടെണ്ണല്‍ ദിവസം ഫലം അപ്പപ്പോള്‍ അറിയുന്നതിന് പത്തനംതിട്ട കലക്ടറേറ്റില്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തും.
Next Story

RELATED STORIES

Share it