Flash News

വോട്ടിനായി കാത്തിരിപ്പ്, ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിള്‍ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയതോടെ ഇന്ന്് നിശബ്ദപ്രചാരണം . നാളെ ഏഴു ജില്ലകളിലായി 9220 വാര്‍ഡുകളിലേക്ക് വോട്ടെടുപ്പ് നടക്കും. 1,11,11,006 വോട്ടര്‍മാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍നായര്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 വരെയാണ് വോട്ടെടുപ്പ്.
ആകെ 31,161 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. പുതുതായി രൂപീകരിച്ച 28 നഗരസഭകളില്‍ കൊട്ടാരക്കര, പച്ചോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠപുരം, ആന്തൂര്‍ മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലും നാളെ വോട്ടെടുപ്പ് നടക്കും. ബാക്കിയുള്ള ജില്ലകളില്‍ 5നാണ് വോട്ടെടുപ്പ്. 5 മണിക്ക് ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും ടോക്കണ്‍ നല്‍കി വോട്ടു ചെയ്യാന്‍ അവസരമൊരുക്കും. 7ന് രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
ഫലം തല്‍സമയം അറിയുന്നതിന് ട്രെന്‍ഡ് സോഫ്റ്റ്‌വെയര്‍ സംവിധാനം ഏര്‍പ്പെടുത്തി. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിലൂടെ ഡാറ്റാ സെന്ററിലെത്തിച്ച് ഇന്റര്‍നെറ്റ് മുഖേന ലഭ്യമാക്കുകയാണ് ചെയ്യുക. ഉച്ചയ്ക്ക് ഒരു മണിയോടെ പൂര്‍ണമായ ഫലം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it