kozhikode local

വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചിട്ടും തിരക്കൊഴിയാതെ പോളിങ് ബൂത്തുകള്‍

മുക്കം: മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പോളിങ് സമയം അധികം നല്‍കിയത് വോട്ടര്‍മാര്‍ക്ക് അനുഗ്രഹമായെങ്കിലും വോട്ടി ങ് സമയം അവസാനിച്ച ആറു മണിക്കും നൂറു കണക്കിനാളുകള്‍ ബൂത്തുകളില്‍ ക്യൂവിലുണ്ടായിരുന്നു.
ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് വോട്ടര്‍മാരെ വലച്ചു. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 58ാം ബൂത്തില്‍ ആറുമണിക്ക് നൂറിലേറെ പേര്‍ ക്യൂവിലുണ്ടായിരുന്നു.
മുക്കം നഗരസഭയിലെ മണാശ്ശേരി ജിയുപി സ്‌കൂളിലെ 96ാം നമ്പര്‍ ബൂത്തിലും കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ജിയുപി സ്‌കൂളിലെ 124ാം ബൂത്തിലും മുക്കം കല്ലുരുട്ടിയിലെ 84ാം നമ്പര്‍ ബൂത്തിലും മുത്താലം എഎല്‍പി സ്‌കൂളിലെ 88,89 ബൂത്തുകളിലും നൂറു മുതല്‍ നൂറ്റമ്പത് വരെ വോട്ടര്‍മാര്‍ ആറുമണിക്ക് ക്യൂവിലുണ്ടായിരുന്നു.
ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ യുപി സ്‌കൂളിലെ ഇരു ബൂത്തുകളിലായി നാനൂറോളമാളുകള്‍ ക്യൂവിലുണ്ടായിരുന്നു.
പോളിങ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ദുരിതമായി. പലയിടങ്ങളിലും ഏഴര മണിയോടെയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ അവസാനിച്ചത്. പ്രിസൈഡിങ് ഓഫിസറടക്കമുള്ള ഉദ്യോഗസ്ഥരില്‍ പലര്‍ക്കും രാത്രി വൈകിയും വീട്ടിലെത്താന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്.
Next Story

RELATED STORIES

Share it