Flash News

വോട്ടിങ് യന്ത്രത്തില്‍ തിരിമറി: തെളിയിക്കാന്‍ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിങ് യന്ത്രത്തില്‍ തിരിമറി: തെളിയിക്കാന്‍ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X


ന്യൂഡല്‍ഹി: ഇന്ത്യയില്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. വോട്ടിങ് യന്ത്രത്തില്‍ ഒരു തരത്തിലുമുള്ള തിരിമറിയും നടത്താന്‍ സാധിക്കില്ല. കൃത്രിമം നടന്നുവെന്ന് ആരോപിക്കുന്നവര്‍ അത് തെളിയിക്കണമെന്നും കമ്മീഷന്‍ വെല്ലുവിളിച്ചു. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ രണ്ട് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ടുപോകുന്നത് ബിജെപിക്കാണെന്നും ആംആദ്മി പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികള്‍ ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
വോട്ടിങ് യന്ത്രം ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 16 പാര്‍ട്ടികളുടെയും ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ലോകോത്തര നിലവാരമുള്ള വോട്ടിങ് യന്ത്രങ്ങളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
ഏഴ് ദേശീയ പാര്‍ട്ടികളുടെയും 35 സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. വോട്ടിങ് മെഷീന്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളിലെ വിദഗ്ധരും ഐ.ഐ.ടിയിലെ എന്‍ജിനീയര്‍മാരും നിലവിലെ വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടി എംഎല്‍എ ഡല്‍ഹി നിയമസഭയില്‍ തെളിയിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി നിയമസഭയില്‍ ഉപയോഗിച്ചത് യഥാര്‍ത്ഥ വോട്ടിങ് യന്ത്രമല്ലെന്നും തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച യഥാര്‍ത്ഥ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ച് തെളിയിക്കണമെന്നും വെല്ലുവിളിച്ചു.
Next Story

RELATED STORIES

Share it