Flash News

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി റിപോര്‍ട്ട്. ജാനകിപുരം വാര്‍ഡില്‍ നിന്ന് മല്‍സരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അപൂര്‍വ വര്‍മയ്ക്ക് അവര്‍ ചെയ്ത വോട്ട് പോലും ലഭിച്ചില്ല.
വോട്ടെണ്ണിയപ്പോള്‍ തനിക്ക് ഒറ്റ വോട്ട് പോലും ലഭിച്ചില്ലെന്ന് അപൂര്‍വ വര്‍മ പറഞ്ഞു. ബിജെപിയുടേത് ഒഴികെയുള്ള എല്ലാ സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുശേഷം രണ്ടു സ്ഥാനാര്‍ഥികളാണ് പരസ്യമായി വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശബാനയാണ് ആദ്യം വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.
ചുരുങ്ങിയത് ഞാനും എന്റെ കുടുംബാംഗങ്ങളും ചെയ്ത വോട്ടെങ്കിലും എനിക്ക്  കിട്ടണം- സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ശബാന പറഞ്ഞു. തന്റെ വോട്ട് എവിടെയാണ് പോയതെന്ന് തനിക്കറിയണമെന്ന് ശബാനയുടെ ഭര്‍ത്താവും പറഞ്ഞു. തങ്ങള്‍ക്ക് ചുരുങ്ങിയത് 900 വോട്ട് ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയത് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കാണിച്ചാണെന്ന് ബിഎസ്പി നേതാവ് മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി സര്‍ക്കാരിനെ അവര്‍ വെല്ലുവിളിക്കുകയും ചെയ്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാല്‍ ഉത്തര്‍പ്രദേശില്‍ ബിഎസ്പി മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന് മായാവതി പറഞ്ഞു.
വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചിടത്ത് ബിജെപിയുടെ വിജയ ശതമാനം 46 ശതമാനമാണ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നിടത്ത് ബിജെപിയുടെ വിജയ ശതമാനം 15 ശതമാനമാണെന്നും അഖിലേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it