malappuram local

വോട്ടിങ് യന്ത്രത്തിന്റെ തകരാറ്;ആദ്യം സംശയിച്ചത് അട്ടിമറി

മലപ്പുറം: രാവിലെ പെയ്ത കനത്തമഴയെ അവഗണിച്ചും വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതിനിടെയാണ് ജില്ലയുടെ പലഭാഗങ്ങളിലും വോട്ടിങ് യന്ത്രം പണി മുടക്കിയത് ആശങ്കയിലാക്കി. കേരളത്തില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ യന്ത്രങ്ങളെക്കുറിച്ച് യാതൊരു പരാതിയുമില്ലാതിരിക്കെ മലപ്പുറത്തുമാത്രം കുഴപ്പം കണ്ടത് അട്ടിമറിയാണെന്ന സംശയമാണ് ആദ്യം ഉയര്‍ന്നത്. പരസ്പരം പഴിചാരി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നതോടെ സംഗതിക്ക് എരിവുകൂടി.
വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം എംഎല്‍എമാരായ കെ എന്‍ എ ഖാദര്‍, പി ഉബൈദുല്ല, മമ്മുണ്ണി ഹാജി, എം ഉമ്മര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, പി കെ ബഷീര്‍, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ തുടങ്ങിയവര്‍ കലക്ടറുടെ ചേംബറിലെത്തി.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ആവശ്യമുള്ളിടത്ത് റീപോളിങ് നടത്താനും മറ്റിടങ്ങളില്‍ രണ്ടുമണിക്കൂര്‍ സമയം നീട്ടിക്കൊടുക്കാനും തീരുമാനമായി. തിരഞ്ഞെടുപ്പ് കമ്മീഷണറോട് എംഎല്‍എമാര്‍ നേരിട്ടു സംസാരിച്ചാണ് തീരുമാനമുണ്ടാക്കിയത്. വോട്ടെടുപ്പ് കഴിയാന്‍ കഷ്ടിച്ച് ഒരുമണിക്കൂര്‍ ബാക്കിയുള്ളപ്പോഴായിരുന്നു തീരുമാനം. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഇക്കാര്യത്തില്‍ കാണിച്ച ഐക്യം പ്രശ്‌ന പരിഹാരത്തിന് വഴിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ ജില്ലയില്‍ വ്യാപകമായി മഴ പെയ്തിരുന്നു. കനത്ത മഴ അവഗണിച്ചും എല്ലാ പാര്‍ട്ടികളും വീറും വാശിയുമെടുത്ത് പ്രാദേശിക നേതാക്കള്‍ വോട്ടര്‍മാരെ ബൂത്തുകളിലെത്തിച്ചു.
ഉച്ചയായതോടെ പോളിങ് ശതമാനം കനത്തപ്പോഴായിരുന്നു വോട്ടിങ് മെഷീനെക്കുറിച്ചുള്ള വാര്‍ത്തപരന്നത്. പല മേഖലകളില്‍നിന്നും പത്രമോഫിസുകളിലേയ്ക്ക് ഇതു സംബന്ധമായ വാര്‍ത്തകള്‍ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്തിച്ചുകൊണ്ടിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായായിരുന്നു പലയിടങ്ങളിലും കരുതിയതെങ്കിലും വ്യാപകമായി പ്രശ്‌നങ്ങളുണ്ടെന്ന് പിന്നീടാണ് വെളിപ്പെട്ടത്.
Next Story

RELATED STORIES

Share it