വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍:മുന്‍വിധിയില്ലെന്ന് കമ്മീഷന്‍

പത്തനംതിട്ട: മലപ്പുറം ജില്ലയിലും തൃശൂരിന്റെ ചില ഭാഗങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍ കണ്ടതു സംബന്ധിച്ച് മുന്‍വിധിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം പരിശോധിക്കുന്നതിന് മൂന്നു പേരടങ്ങുന്ന ഉന്നതാധികാര സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. സി ഡാക് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ സമിതിയില്‍ അംഗങ്ങളാണ്. ഈ സമിതിയും ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ എന്‍ജിനീയര്‍മാരും ചേര്‍ന്ന് യന്ത്രത്തകരാര്‍ സംബന്ധിച്ച് പരിശോധന നടത്തും. ഒരു മാസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കി തുടര്‍ നടപടിയെടുക്കണമെന്നാണ് തീരുമാനം.
മറ്റ് ജില്ലകളില്‍ തിരഞ്ഞെടുപ്പ് സുഗമമായിരുന്നു. വോട്ടെണ്ണല്‍ സംബന്ധിച്ച് ഒരു പ്രശ്‌നവുമുണ്ടായില്ല. കണ്‍ട്രോള്‍ യൂനിറ്റുകള്‍ എല്ലാം തൃപ്തികരമായിരുന്നു. തിരഞ്ഞെടുപ്പ് നടപടി അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും അധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പാണ് ഇനി അവശേഷിക്കുന്നത്. സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ടിനോ അതിനു മുന്‍പായോ തീര്‍ക്കണമെന്ന ലക്ഷ്യത്തിലാണ് നടപടി പുരോഗമിക്കുന്നത്.
ഇത് സങ്കീര്‍ണ നടപടിയായതിനാല്‍ എല്ലാ ജില്ലകളിലും റിട്ടേണിങ് ഓഫിസര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it