kasaragod local

വോട്ടിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധന സമാപിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിലെ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന സമാപിച്ചു. കലക്ടറേറ്റില്‍ സൂക്ഷിച്ചിരിക്കുന്ന 1052 കണ്‍ട്രോള്‍ യൂനിറ്റും 908 ബാലറ്റ് യൂനിറ്റുകളുമാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മൂന്ന് എന്‍ജിനിയര്‍മാര്‍ മുഴുവന്‍ ദിവസവും പരിശോധനയില്‍ പങ്കെടുത്തു.
യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തി. കലക്ടറേറ്റിലെ 20ഓളം ജീവനക്കാരും രാഷ്ട്രീയ പ്രതിനിധികളും സംബന്ധിച്ചു. ഇന്നലെ 50 വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിച്ച് 1000 വോട്ടുകള്‍ വീതം രേഖപ്പെടുത്തി, മോക്ക് പോള്‍ നടത്തി.
പൂര്‍ണ്ണമായും തകരാറിലായ 18 കണ്‍ട്രോള്‍ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റും ഒഴിവാക്കിയിട്ടുണ്ട്. ഓരോ യന്ത്രവും സൂക്ഷ്മമായി പരിശോധിച്ച് ചെറിയ തകരാറുകള്‍ പരിഹരിച്ച് പോളിങ്ങിന് സജ്ജമാക്കി. ബീഹാറില്‍ നിന്നും 316 ബാലറ്റ് യൂനിറ്റുകള്‍ ഉടന്‍ എത്തിച്ചേരും.
ഇവയുടെ പരിശോധന പിന്നീട് നടക്കും. ഒന്നാം ഘട്ട പരിശോധനയുടെ ഭാഗമായി ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച്, ദേഹ പരിശോധന നടത്തി മെറ്റല്‍ ഡിറ്റക്ടറിലൂടെയാണ് വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ടവരെ എഫ്എല്‍സി ഹാളില്‍ കടത്തിവിട്ടത്.
നടപടികള്‍ വീഡിയോ ചിത്രീകരണം നടത്തി. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, ഇസിഐഎല്‍ എന്‍ജിനിയര്‍മാരായ രംഗസ്വാമി, നാരായണപ്പ, വീരരാജു, നോഡല്‍ ഓഫിസര്‍ ജയരാജന്‍ വൈക്കത്ത്, ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി നേതൃത്വംനല്‍കി.
Next Story

RELATED STORIES

Share it