Districts

വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍ ബാഹ്യ ഇടപെടല്‍ മൂലമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാര്‍ ബാഹ്യ ഇടപെടല്‍ മൂലമാണെന്നു സംശയിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചാവക്കാട് മുതലുള്ള യന്ത്രങ്ങളിലാണു ക്രമക്കേട് കണ്ടെത്തിയത്.10 മുതല്‍ 30 വരെ വോട്ട് ചെയ്തശേഷമാണു ക്രമക്കേട് കണ്ടെത്തിയത്.
ഇസിഐഎല്‍ എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സംസ്ഥാനത്തേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ചത്. ഇപ്പോഴുണ്ടായിരിക്കുന്ന തകരാര്‍ ബാഹ്യ ഇടപെടല്‍മൂലമാണെന്ന് ഇവരും സ്ഥിരീകരിക്കുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലാത്തതരം അട്ടിമറിശ്രമമാണ് മലപ്പുറത്തും തൃശൂരിലുമുണ്ടായതെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും തമ്മില്‍ സൗഹൃദമല്‍സരം നടക്കുന്ന വാര്‍ഡുകളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ കേടായത്. സംഭവത്തില്‍ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറോടും എസ്പിയോടും കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണ് പ്രശ്‌നകാരണമെന്നാണ് മലപ്പുറം ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ വിശദീകരണം. അതേസമയം, മലപ്പുറം കലക്ടറുടെ നടപടികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായത് യഥാസമയം കമ്മീഷനെ അറിയിക്കാത്തതാണു കാരണം. മെഷീനുകള്‍ കേടായ ഉടന്‍ പകരം മെഷീനുകള്‍ സ്ഥാപിക്കുന്നതിനു വേണ്ട നടപടികള്‍ കലക്ടര്‍ സ്വീകരിച്ചില്ല. കലക്ടര്‍ വൈകി നല്‍കിയത് അപൂര്‍ണമായ റിപോര്‍ട്ടാണെന്നും കമ്മീഷന്‍ വിലയിരുത്തി. വോട്ടിങ് മെഷീനുകളില്‍ തകരാറില്ലെന്നായിരുന്നു കലക്ടര്‍ ആദ്യം നല്‍കിയ റിപോര്‍ട്ട്. ഇത് കമ്മീഷന്‍ തള്ളിയശേഷം സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 27 സ്ഥലങ്ങളില്‍ റീപോളിങ് ശുപാര്‍ശ ചെയ്ത് കലക്ടര്‍ റിപോര്‍ട്ട് നല്‍കി. ഇതിനുശേഷം 32 സ്ഥലങ്ങളില്‍ റീപോളിങ് വേണമെന്നു തിരുത്തി വീണ്ടും അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ ജില്ലയിലെ 62 സ്ഥലങ്ങളിലും പാലക്കാട് ജില്ലയിലെ ബമ്മണ്ണൂരിലും വോട്ടിങ് യന്ത്രം പണിമുടക്കി.
പ്രാഥമിക കണക്കുപ്രകാരം മലപ്പുറം ജില്ലയിലെ 255 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയത്. പലതിലും കടലാസ് തിരുകിയ നിലയിലും ചിലതില്‍ സ്റ്റിക്കര്‍ പതിച്ച നിലയിലും മറ്റു ചിലതില്‍ സെലോടേപ്പ് ഒട്ടിച്ച നിലയിലുമായിരുന്നു. യഥാര്‍ഥ പോളിങിന് അരമണിക്കൂര്‍ മുമ്പു നടന്ന മോക്ക് പോളിങില്‍ ഇത്തരത്തില്‍ ഒരു പരാതിയും ഉയര്‍ന്നിരുന്നില്ലെന്നതു ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it