വോട്ടിങ് യന്ത്രം ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചെന്ന് കോണ്‍ഗ്രസ്

അഹ്മദാബാദ്: ഗുജറാത്തിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ളവ സഹിതമാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാല്‍, പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതായി പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പോളിങ് ഏജന്റിന്റെ മൊബൈല്‍ ഫോണുമായാണ് ബ്ലൂടൂത്ത് കണക്ട് ചെയ്തിരുന്നതെന്നും കമ്മീഷന്‍ അറിയിച്ചു. പോര്‍ബന്തറിലെ ഇവിഎം മെഷീനുകളിലാണ് ഇത്തരമൊരു കൃത്രിമം നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായ അര്‍ജുന്‍ മോദ്‌വാദിയയാണ് ആരോപണം ഉന്നയിച്ചത്. പോര്‍ബന്തറിലെ ഇവിഎമ്മുകള്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്തിട്ടുണ്ടെന്നും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടനെ ഇടപെടണമെന്നും അര്‍ജുന്‍ മോദ്‌വാദിയ ആവശ്യപ്പെടുകയായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മേമന്‍വാഡയിലെ പോളിങ്ബൂത്തിലാണ് മൂന്നു മെഷീനുകള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചതായി കണ്ടെത്തിയത്. ഇവിടെ മൊബൈലില്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്തപ്പോള്‍ ഇസിഒ-101 എന്ന് ദൃശ്യമായെന്നും ഇത് വോട്ടിങ് യന്ത്രത്തിന്റെ പേരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വോട്ടിങ് മെഷീനിലുള്ള ചിപ്പുകള്‍ ബ്ലൂടുത്തുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനിടെ, ഇന്നലെ വോട്ടെടുപ്പ് നടന്ന ബാറൂച്ച് ജില്ലയില്‍ നിന്ന് 49 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. നിരോധിച്ച 500ന്റെയും 1000ന്റെയും 49 കോടി രൂപയാണ് ഇന്നലെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it