kozhikode local

വോട്ടിങ് യന്ത്രം ഉപയോഗിക്കാന്‍ പരിശീലനം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ വിവിപിഎടി വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റെസ്റ്റ്ഹൗസില്‍ വച്ച് പരിശീലനം. ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍, കോഴിക്കോട് സൗത്ത്- നോര്‍ത്ത് മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസര്‍മാര്‍, സൗത്ത്- നോര്‍ത്ത് മണ്ഡലങ്ങളില്‍നിന്ന് ഒന്നുവീതം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവര്‍ക്ക് നാളെയാണ് പരിശീലനം. സൗത്ത്- നോര്‍ത്ത് മണ്ഡലങ്ങളിലെ ഒന്നുവീതം എആര്‍ഒമാര്‍, ക്ലാര്‍ക്കുമാര്‍ എന്നിവര്‍ക്കുള്ള പരിശീലനം ചൊവ്വാഴ്ച നടക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്തത് നേരില്‍ ബോധ്യപ്പെടാന്‍, ചെയ്ത വോട്ടിന്റെ പ്രിന്റ് തെളിയുന്നുവെന്നതാണ് വിവിപിഎടി (വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങളുടെ സവിശേഷത. പരീക്ഷണാടിസ്ഥാനത്തിലാണ് ഇവ ഇക്കുറി തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത്. സാധാരണ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഒരു കണ്‍ട്രോള്‍ യൂനിറ്റും ബാലറ്റ് യൂനിറ്റും മാത്രമാണുള്ളത്. എന്നാല്‍ വിവിപിഎടി മെഷീനില്‍ ഒരു പ്രിന്റിങ് യൂനിറ്റു കൂടിയുണ്ടാവും. ബാലറ്റ് യൂനിറ്റില്‍ വോട്ടിങ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ തെര്‍മല്‍ പേപ്പറില്‍ പുറത്തുവരുന്ന പ്രിന്റൗട്ട് ഏഴ് സെക്കന്റ് സമയത്തേക്ക് വോട്ടര്‍ക്ക് കാണാം. ഇതില്‍ സീരിയല്‍ നമ്പര്‍, പേര്, വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് ചിഹ്നം എന്നിവയുണ്ടാവും. അതുകഴിഞ്ഞ് പിന്റ് ചെയ്ത പേപ്പര്‍ മെഷീനുള്ളിലെ സീല്‍ ചെയ്ത അറയിലേക്ക് വീഴും. ഇടുക്കി, വയനാട്, പത്തനംതിട്ട, കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലെ തിരഞ്ഞെടുത്ത മണ്ഡലങ്ങളിലാണ് ഈ യന്ത്രങ്ങള്‍ ഇത്തവണ ആദ്യമായി ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it