wayanad local

വോട്ടറെ, സ്ഥാനാര്‍ഥിയെ അറിയാന്‍ മൊബൈല്‍ ആപ്പ്

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍. 'ഇ-വോട്ടര്‍ കേരള' എന്ന ഈ മൊബൈല്‍ ആപ്പിലൂടെ വോട്ടര്‍പ്പട്ടിക, പോളിങ് സ്‌റ്റേഷന്‍, സ്ഥാനാര്‍ഥികളെക്കുറിച്ചും മണ്ഡലങ്ങളിലെ വോട്ടര്‍മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാം. തിരഞ്ഞെടുപ്പ് സംബന്ധമായ പരാതി നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ട്.
ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍, ജില്ല, പേര്, വീട്ടുപേര് തുടങ്ങിയവ നല്‍കി വോട്ടര്‍പ്പട്ടികയില്‍ തിരയാം. ആപ്പിലൂടെ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പോളിങ് ബൂത്തിന്റെ സ്ഥാനം കണ്ടുപിടിക്കാനുമാവും. ആദ്യം വോട്ടര്‍പ്പട്ടികയില്‍ പേര് നല്‍കി തിരഞ്ഞശേഷം സ്ഥലം കണ്ടുപിടിക്കാനുള്ള ലൊക്കേറ്റ് ബട്ടണ്‍ തൊട്ടാല്‍ ഗൂഗിള്‍ മാപ്പിലൂടെ പോളിങ് ബൂത്ത് കണ്ടുപിടിക്കാം.
സ്ഥാനാര്‍ഥികളെ അറിയുക എന്നതില്‍ ഓരോ ജില്ലയും മണ്ഡലവും തിരഞ്ഞെടുത്ത് ഒരോ സ്ഥാനാര്‍ഥികളുടെയും വിവരം ലഭിക്കും. മുഴുവന്‍ സ്ഥാനാര്‍ഥികളും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെയും സത്യവാങ്മൂലത്തിന്റെയും വിവരങ്ങളും ഈ വിഭാഗത്തിലുണ്ട്. സത്യവാങ്മൂലം ഇതില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും കഴിയും.
ഓരോ നിയോജക മണ്ഡലത്തിന്റെയും വിവരങ്ങളും ആപ്പിലൂടെ കിട്ടും. ജില്ലയും മണ്ഡലവും നല്‍കിയാല്‍ ആകെ പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ആകെ വോട്ടര്‍മാര്‍, ആകെ ബൂത്തുകള്‍ എന്നീ വിവരങ്ങള്‍ ലഭിക്കും.
തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതു നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ട്. പരാതി നല്‍കിക്കഴിഞ്ഞാല്‍ അതിന്റെ ഇപ്പോഴത്തെ നില എന്തെന്നും അറിയാന്‍ ഇതിലൂടെ കഴിയും. പരാതി നല്‍കുന്ന സംവിധാനം സുതാര്യമാവാനും സമയബന്ധിതമായി കൈകാര്യം ചെയ്യാനും ഇതു സഹായകമാവുന്നു.
വിവിധ ജില്ലകളുടെ വീഡിയോ, കേരളത്തിലെ വോട്ടര്‍മാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക് തുടങ്ങിയവയും ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് 'ഇ-വോട്ടര്‍ കേരള' എന്ന് സര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
Next Story

RELATED STORIES

Share it